തൃശൂര്‍: ശ്രീ കേരളവര്‍മ്മ കോളേജ് യുണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയം എസ്.എഫ്.ഐക്ക്. എസ് എഫ് ഐയുടെ അനിരുദ്ധന്‍ മൂന്ന് വോട്ടിന്റെ ഭൂപിപക്ഷത്തിലാണ് വിജയിച്ചത്.
അനിരുദ്ധന് 892 വോട്ടും കെ.എസ്.യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് 889 വോട്ടും ആണ് വീണ്ടും വോട്ടെണ്ണിയപ്പോള്‍ ലഭിച്ചത്. ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു വീണ്ടും വോട്ടെണ്ണിയത്.
പ്രിന്‍സിപ്പലിന്റെ ചേമ്പറിനോട് ചേര്‍ന്ന മുറിയിലായിരുന്നു വോട്ടെണ്ണല്‍. സ്ഥാനാര്‍ഥികളും നാല് സ്ഥാനാര്‍ഥികളുടെ രണ്ട് വീതം പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണിയത്.
വീണ്ടും വോട്ടെടുപ്പ് ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു കോടതിയെ സമീപിച്ചത്. ആദ്യ വോട്ടെണ്ണലില്‍ അട്ടിമറിയുണ്ടെന്ന് സംഘടനആരോപിച്ചിരുന്നു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയിലും പകര്‍ത്തി.ട്രഷറി ലോക്കറില്‍ നിന്നും ബാലറ്റുകള്‍ കഴിഞ്ഞ ദിവസം കോളേജിലെ സ്‌ട്രോംഗ് റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ ഒന്‍പതരയോടെ സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇത് തുറന്ന് ബോക്‌സുകള്‍ ചേംബറിലെത്തിച്ചത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ഈ മാസം ഒന്നിനായിരുന്നു തിരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടുകള്‍ കിട്ടി. എസ്.എഫ്.ഐ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തി. വൈകിട്ട് ആറിന് തുടങ്ങിയ റീ കൗണ്ടിംഗ് പൂര്‍ത്തിയായത് രാത്രി 12നായിരുന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതോടെയാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: