കൊല്ലം : വളരെ ആസൂത്രിതമായാണ് ആറുവയസുകാരിയെ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതാ കുമാരിയും മകള്‍ അനുപമ പത്മനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതെന്ന് എ ഡി ജി പി അജിത് കുമാര്‍.കോവിഡ് കാലത്തിന് ശേഷം പത്മകുമാറിന് വലിയ കടബാധ്യത ഉണ്ടായിരുന്നു. അഞ്ച് കോടിയില്‍ പരം രൂപയുടെ ബാധ്യതയാണുളളത്. ഇത്രയും ആസ്തി കുടുംബത്തിനുണ്ടെങ്കിലും പെട്ടെന്ന് തന്നെ പത്ത് ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടാന്‍ കാരണം.
ഒരു വര്‍ഷം മുമ്പ് തന്നെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി കാറിന്റെ വ്യാജ നമ്പര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തയാറാക്കി. ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.
എന്നാല്‍ തട്ടിക്കൊണ്ടു പോകാന്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ സഹോദരന്റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് കാറില്‍ കടത്തി കൊണ്ടു പോയത്. പിന്നീട് കിഴക്കനേലയിലെത്തി കടയുടമയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് അനിതാകുമാരിയാണ്. പത്മകുമാറും ഒപ്പമുണ്ടായിരുന്നു.
പിന്നീട് മാധ്യമ ശ്രദ്ധയും പൊലീസും പിന്നാലെയുണ്ടെന്ന് മനസിലാക്കിയാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അപ്പോഴും കുട്ടിയെ സുരക്ഷിതയാക്കാനാണ് ആശ്രാമം മൈതാനത്ത് എത്തിച്ചത്. അനിതാ കുമാരിയാണ് കുട്ടിയെ ഓട്ടോയില്‍ അവിടെ എത്തിച്ചത്. പത്മകുമാര്‍ പിന്നാലെ ഉണ്ടായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ച് പൂയപ്പളളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്ന് പേരെയും മുഖം മൂടി ധരിച്ചാണ് പൊലീസ് വാഹനത്തില്‍ നിന്നിറക്കിയത്.
അടൂര്‍ പൊലീസ് ക്യാമ്പില്‍ നിന്നാണ് ഇവരെ പൂയപ്പളളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നേരത്തേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷന് പുറത്ത് വന്‍ ജനാവലി തടിച്ചു കൂടിയിട്ടുണ്ട്. പ്രതികളുമായി വാഹനം കടന്നു വരുമ്പോള്‍ ജനം കൂവി വിളിച്ചു.
നേരത്തേ തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസുകാരിയെയും സഹോദരനെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.ഇനി പ്രതികളുടെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: