ദുബായ്: യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ്പ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആക്കം നൽകുമെന്ന ശുഭാപ്തി വിശ്വാസമാണ് ഭാരതത്തിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ മാധ്യമമായ അലെത്തിഹാദിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആറാമത്തെ യുഎഇ സന്ദർശനത്തിനിടെയാണ് മോദിയുടെ പരാമർശം. ഭാരതവും യുഎഇയും ഹരിതവും സമൃദ്ധവുമായ ഭാവി രൂപപ്പെടുത്തുന്നതിൽ പങ്കാളികളായി പരസ്പരം നിലകൊള്ളുന്നുണ്ട്. ആഗോള തലത്തിൽ കാലാവസ്ഥാ പ്രവർത്തനത്തനങ്ങളെ കൂടുതൽ സ്വാധീനിക്കാനുള്ള സംയുക്ത ശ്രമങ്ങളിൽ ഭാരതവും യുഎഇയും ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പ്രാപ്തരാക്കുന്നതിന് ആവശ്യമായ കാലാവസ്ഥാ ധനസഹായവും സാങ്കേതിക കൈമാറ്റവും നൽകി അവരെ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങൾക്ക് ആവശ്യമായ കാലാവസ്ഥാ ധനസഹായവും സാങ്കേതിക കൈമാറ്റവും ഉറപ്പാക്കുന്നതിന് ആഗോള സഹകരണത്തിനായി താൻ ശക്തമായി വാദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ആഗോള താപനം കുത്തനെ കുറയ്‌ക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണം. അതിന് വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്‌ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി നിരവധി ലോക നേതാക്കൾ കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇയുടെ അദ്ധ്യക്ഷതയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കോപ്പ് 28 ഉച്ചകോടി നടക്കുന്നത്.
കോപ്പ് 28 യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ആണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയത്.
യുഎഇയുടെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചിരുന്നു. ദുബായിൽ എത്തിയ മോദിയെ കാണാൻ നിരവധി പ്രവാസികൾ ആണ് താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്നത്. ഭാരതീയ പ്രവാസികൾ മുദ്രാവാക്യം വിളിയോടെയാണ് മോദിയെ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: