സഹകരണ മേഖലയില്‍ കൂട്ടായ്മ കവര്‍ച്ച. ചെയ്യാത്ത ജോലിക്ക് മുഖ്യമന്ത്രിയുടെ മോള്‍ക്ക് ലക്ഷങ്ങളുടെ പണം. പണമില്ലാത്തതിന്റെ പേരില്‍ റേഷന്‍പോലും മുടങ്ങുന്ന സ്ഥിതി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായി. ഭരണത്തിലാകെ കെടുകാര്യസ്ഥത, ഭരണമെന്തെന്ന് മുഖ്യമന്ത്രിക്കറിയില്ല. നാനാഭാഗത്തും ഉപദേശികളെ ലക്ഷങ്ങള്‍ മുടക്കി നിയമിച്ചിട്ടുണ്ട്. അവരാകട്ടെ കിഴക്കോട്ടുവഴി ചോദിച്ചാല്‍ വടക്ക് ചൂണ്ടിക്കാട്ടും. നില്‍ക്കാന്‍ പറഞ്ഞാല്‍ നടക്കും. നടക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും. ഒരു തെക്ക് വടക്കറിയാത്ത പണ്ടാരങ്ങളായ ഉപദേശികള്‍ മാധ്യമ പ്രവര്‍ത്തകരോട് തെണ്ടാന്‍ പറയുന്നതും കേട്ടു. കെഎസ്ആര്‍ടിസിക്കാര്‍ക്ക് ശമ്പളമില്ല. പിഎസ്‌സിയെ നോക്കുകുത്തിയാക്കി നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും തകൃതി. അടുത്തിടെ സ്ഥിരപ്പെടുത്തിയവരുടെ ലിസ്റ്റ് കണ്ടാല്‍ തന്നെ ഞെട്ടും.
വിവിധ വകുപ്പുകളിലായി 221 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മരുമോന്റെ വകുപ്പിലാണ് ഏറ്റവും കൂടുതല്‍. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ 100, സ്‌കോള്‍ കേരളയില്‍ 54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 14, ഭവന നിര്‍മാണ ബോര്‍ഡില്‍ 16 എങ്ങിനെയാണ് സ്ഥിരപ്പെടുത്തിയത്. താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരനിയമനം. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് നിയമനമെന്നാണ് സര്‍ക്കാരിന്റെ വാദം. പിഎസ്‌സിക്ക് വിട്ട തസ്തികകളില്‍ ഏതെങ്കിലും വകുപ്പുകള്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് റദ്ദ് ചെയ്ത സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് ലിസ്റ്റ് നീട്ടുന്നതിനെക്കുറിച്ചോ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ഉള്‍പ്പെടെയുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെപ്പറ്റിയോ മിണ്ടാട്ടമില്ല. നേരത്തെ സിഡിറ്റിലെ 114 പേരെ സ്ഥിരപ്പെടുത്തിയിരുന്നു. നിയമ വകുപ്പിന്റെയും ഐടി സെക്രട്ടറിയുടെയും വിയോജിപ്പ് മറികടന്നായിരുന്നു സ്ഥിരപ്പെടുത്തല്‍. ഇതേ രീതിയില്‍ കെല്‍ട്രോണില്‍ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം മറികടന്ന് മന്ത്രിസഭായോഗത്തിലും കൂടുതല്‍ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്തുമെന്നാണ് സൂചന.
തോന്നുംപടിയാണ് കാര്യങ്ങളൊക്കെ. ഇതൊന്നും ശ്രദ്ധിക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കേരളത്തിലൊരു പ്രതിപക്ഷമുണ്ടോ? മാത്യു കുഴല്‍നാടന്‍ തന്നെ ഉദാഹരണം. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ചൂണ്ടിക്കാട്ടിയപ്പോള്‍ കണ്ടതല്ലെ. മാത്യുവിനെ ഒറ്റപ്പെടുത്തി തകര്‍ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. സ്പീക്കറും ഒപ്പം ചേര്‍ന്നു. ആകെ ഒരാശ്വാസം കോടതികളുണ്ടല്ലൊ എന്നുമാത്രം. ഏറ്റവും ഒടുവിലത്തെ കോടതിവിധിയെക്കുറിച്ച് യഥാവിധിപ്രതികരിക്കാന്‍ പോലും പ്രതിപക്ഷത്തിനായില്ല. കണ്ണൂര്‍ സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതിവിധി സുപ്രധാനമായിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ നിയമവിരുദ്ധവും നാട്ടുകാരനാണെന്ന മുഖ്യമന്ത്രിയുടെ ന്യായവും കോടതി തിരസ്‌കരിച്ചു. ചാന്‍സിലര്‍ (ഗവര്‍ണര്‍) മറ്റാരുടെയെങ്കിലും തീരുമാനം ശരിവച്ച് വെറും റബ്ബര്‍സ്റ്റാമ്പാകരുതെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി പറഞ്ഞ റബ്ബര്‍ സ്റ്റാമ്പിനെ കയറിപ്പിടിച്ച് ഗവര്‍ണര്‍ രാജിവയ്‌ക്കണമെന്നാണ് സിപിഎം പറയുന്നത്. വിസി നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ചാന്‍സിലര്‍ കോടതിയിലെടുത്ത നിലപാട് അമ്പരപ്പിച്ചെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാന്‍സിലറുടെ നിയമനത്തില്‍ ചാന്‍സിലറുടെ സ്വതന്ത്ര തീരുമാനമാണ് വേണ്ടിയിരുന്നതെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പുതിയ വിസിയെ നിശ്ചയിച്ചത് അതിന്റെ ഭാഗമാണ്.
വിസി നിയമനത്തില്‍ ചാന്‍സിലറുടെ സ്വതന്ത്ര തീരുമാനമാണു വേണ്ടിയിരുന്നത്. നിയമനം വിവാദമായ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി മൂന്നിനു രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പ് പൂര്‍ണമായിത്തന്നെ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തി. ‘പുനര്‍നിയമനത്തിനു നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ്’, ‘മന്ത്രിയുടെ അഭ്യര്‍ഥനയെയും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തെയും തുടര്‍ന്നാണ് വിസിയെ നിര്‍ണയിക്കാനുള്ള പ്രക്രിയ അവസാനിപ്പിച്ചത്’ തുടങ്ങിയ പരാമര്‍ശങ്ങള്‍ വാര്‍ത്തക്കുറിപ്പില്‍നിന്ന് കോടതി എടുത്തു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമായിരുന്നു നിയമനമെന്നും ചാന്‍സിലറുടെ സ്വതന്ത്ര തീരുമാനം ഉണ്ടായില്ലെന്നും ഈ വസ്തുതകള്‍ വ്യക്തമാക്കുന്നുവെന്നു കോടതി വിശദീകരിച്ചു. ഡോ.ഗോപിനാഥിന്റെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തുടര്‍ന്നുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.
നിയമനം റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഡോ. ഗോപിനാഥിനു പുനര്‍നിയമന യോഗ്യതയില്ലെന്ന വാദം കോടതി തള്ളി. നിശ്ചിത കാലാവധിയിലേക്ക് വിസിയായി നിയമിക്കപ്പെട്ടയാളെ വീണ്ടും നിയമിക്കാം; ഡോ.ഗോപിനാഥിന് 60 വയസ്സു കഴിഞ്ഞുവെന്നത് പുനര്‍നിയമനത്തിനു തടസ്സമല്ല. ഉടനെയുള്ള പുനര്‍നിയമനത്തിന് സര്‍വകലാശാലാ നിയമപ്രകാരം വിസി നിയമനത്തിനുള്ള നടപടിക്രമം വേണ്ട, കോടതി വിശദീകരിച്ചു.
പ്രതിപക്ഷം ഇതൊന്നും കേട്ടഭാവത്തിലല്ല. നേതാക്കളെല്ലാം പപ്പുമോന്റെ താളത്തിനൊത്ത് ചവിട്ടുകയായിരുന്നു. പപ്പുമോനുള്ളപ്പോള്‍ സിപിഎമ്മിനെതിരെ പ്രതികരിക്കുന്നതെങ്ങിനെയെന്ന് ചിന്തിച്ചുകാണും. സീതിഹാജിയെക്കുറിച്ചൊരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത പപ്പുമോന്‍ പറഞ്ഞതാണ് സകലരേയും അത്ഭുതപ്പെടുത്തിയത്. ഞാന്‍ അഞ്ചുവാക്ക് പറഞ്ഞാല്‍ പരിഭാഷകന്‍ 25-30 വാക്കെടുത്താണ് പരിഭാഷ. തെലുങ്കാനയിലെ കാര്യമാണിതെന്ന് സൂചിപ്പിച്ചത് മലപ്പുറത്തെ പരിഭാഷകന്‍ അബ്ദുള്‍ സമദ് സമദാനിയെ ആശ്വസിപ്പിക്കാന്‍ വേണ്ടിമാത്രം. വയനാട്ടിലല്ലെ വീണ്ടും മത്സരം. ലീഗിനെ പിണക്കാന്‍ പറ്റില്ലല്ലോ. എന്നാലും ഹമാസിനെക്കുറിച്ചുള്ള നിലപാട് പറയാമായിരുന്നു. ശശി തരൂര്‍ ഹൈക്കമാണ്ട് നിലപാടാണ് പറഞ്ഞതെന്നത് ശുദ്ധ ഭോഷ്‌ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: