കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പത്മകുമാറിന്റെ മൊഴി പുറത്ത്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പത്മകുമാർ മൊഴി നൽകി. മകളുടെ നഴ്‌സിംഗ് പ്രവേശനത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. മകൾക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ ഈ പണം കുട്ടിയുടെ പിതാവ് മടക്കി നൽകിയില്ല.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കുടുംബത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എന്നാൽ ഈ മൊഴി പോലീസ് ഉദ്യോഗസ്ഥർ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടാതെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെ മുഖ്യ സൂത്രധാരൻ പത്മകുമാറാണെന്നും പോലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ഏത് തരത്തിലുള്ള സാമ്പത്തിക ഇടപാടാണ് ഇതിന് കാരണമായതെന്ന് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിത രീതിയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്തിരുന്നില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യമെങ്കിലും പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. ഇവർക്ക് സ്വന്തമായുള്ള ബേക്കറി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയായിരുന്നു. കൂടാതെ ഇവർക്ക് ഫാം ഉള്ളതായും രണ്ട് കാറുകൾ ഉള്ളതായും പ്രദേശവാസികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: