തിരുവനന്തപുരം: സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) നടപ്പാക്കുന്ന ‘ബഡ്ഡിങ് റൈറ്റേഴ്‌സ്’ എന്ന പരിപാടിയുടെ ഭാഗമായി നല്കുന്ന കേന്ദ്രഫണ്ട് ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണ വിഭാഗങ്ങളുടെ പുസ്തകങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ വാങ്ങിക്കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പദ്ധതിയാണ് സമഗ്ര ശിക്ഷാ അഭിയാന്‍. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ അക്കാദമികവും ഭൗതികവുമായ വികാസമാണ് പദ്ധതിയുടെ ലക്ഷ്യം. എസ്എസ്‌കെ ആവിഷ്‌കരിച്ച ‘സ്റ്റാര്‍സ്’ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ അനുവദിക്കപ്പെട്ട ഗുണമേന്മാ പദ്ധതിയാണ് ‘ബഡ്ഡിങ് റൈറ്റേഴ്‌സ്’. കുട്ടികളുടെ വൈജ്ഞാനിക വികാസത്തോടൊപ്പം മാനസികോല്ലാസവും ഉന്നതിയും നൈസര്‍ഗികാഭിരുചികളുടെ പോഷണവും പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന വിധം വിഭാവനം ചെയ്ത പരിപാടിയാണിത്.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത യുപി സ്‌കൂളുകള്‍ക്ക് ആറായിരം രൂപ വീതവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പതിനായിരം രൂപ വീതവും പുസ്തകം വാങ്ങാന്‍ നല്കുന്നുണ്ട്.
എന്നാല്‍ ‘ചിന്ത’, ‘സമത’, ‘ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്’ എന്നീ പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങണമെന്ന് വോയ്‌സ് മെസേജ് വഴി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും മറ്റ് രണ്ട് സ്ഥാപനങ്ങള്‍ സിപിഎം നിയന്ത്രണത്തിലുള്ളതാണ്. കേന്ദ്രഫണ്ട് തട്ടാനും മാര്‍ക്‌സിസ്റ്റ് ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് എസ് എസ്‌കെ പിന്തിരിയണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക