പുതുമന മനു നമ്പൂതിരി
(മാളികപ്പുറം മുന്‍ മേല്‍ശാന്തി)
വ്രതാരംഭം
വൃശ്ചികം ഒന്നു മുതല്‍ വ്രതം ആരംഭിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളി കഴിഞ്ഞ് അടുത്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മാലയണിഞ്ഞ് മത്സ്യമാംസാദി ഭക്ഷണങ്ങള്‍, മദ്യപാനം, സ്ത്രീ സംഗം എന്നിവ വെടിഞ്ഞ് സദാസമയം നാമജപം നടത്തി മനഃശുദ്ധി നേടുന്നു. മാലയണിഞ്ഞു കഴിഞ്ഞാല്‍ പരസ്പരം പേര് വിളിക്കാറില്ല. സ്വാമി എന്നും സ്ത്രീകളെ മാളികപ്പുറം എന്നും അഭിസംബോധന എന്നും അഭിസംബോധന ചെയ്യുന്നു. ഭക്തനെയും ഭഗവാനേയും ഒന്നായി കാണുന്ന കൂട്ടായ്മ ഇവിടെ മുതല്‍ കാണാന്‍ സാധിക്കും.
പിതൃക്കള്‍ക്ക് വെള്ളം കുടി
ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ സ്വാമിമാരുടെ വീടുകളില്‍ സന്ധ്യാസമയത്ത് നിലവിളക്കിന് മുകളില്‍ വെറ്റില, പുകയില, പാക്ക്, പഴം, അവല്, മലര് ശര്‍ക്കര, വറപൊടി കരിക്ക് എന്നീ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു നടത്തുന്ന ചടങ്ങാണ് വെള്ളംകുടി.
പടുക്ക
ഭക്തന്റെ ഭവനത്തിനു മുന്നില്‍ പന്തല്‍ നിര്‍മ്മിച്ച് കുരുത്തോല, വാഴപ്പിണ്ടി എന്നിവകൊണ്ട് കമനീയമാക്കും. പന്തലില്‍ ഒരു പീഠം സ്ഥാപിച്ച് അതില്‍ പട്ടുവിരിച്ച് അയ്യപ്പന്റെ ചിത്രം വെച്ച് നിലവിളക്ക് കൊളുത്തി രണ്ടുനേരവും പൂജകള്‍ നടത്തും.
ആഴിപൂജ
12 ദിവസത്തെ വ്രതത്തിനു ശേഷമാണ് ആഴിപൂജയും ആഴി വാരലും നടത്തുന്നത് . പടുക്ക പന്തലിനു സമീപം വച്ചോ അടുത്തുള്ള ക്ഷേത്രാങ്കണത്തിലോ, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗുരു സ്വാമിയുടെ നേതൃത്വത്തില്‍ സ്വാമിമാര്‍ ഒത്തുകൂടി ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആഴി കൂട്ടി ആഴിയെ പൂജിച്ച് മലര് ഹോമം നടത്തിയ ശേഷം അയ്യപ്പന് പാട്ടുകള്‍ പാടി, ആഴിക്ക് വലം വച്ച്, ഗുരുസ്വാമി മുതല്‍ എല്ലാ സ്വാമിമാരും ആഴി വാരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: