Categories: Kerala

ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാറിനെ കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു

Published by

തിരുവനന്തപുരം: ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാറിനെ കേരളയൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോമിനേറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തക വിഭാഗത്തിലാണ് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. ശ്രീകുമാറുള്‍പ്പെടെ 17 പേരെയാണ് വിത്യസ്ത വിഭാഗങ്ങളിലായി ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി. 33 വര്‍ഷമായി പത്രപ്രവര്‍ത്തകന്‍. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍. ന്യൂദല്‍ഹി, തിരുവനന്തപുരം ബ്യൂറോകളുടെ ചീഫ് ആയിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ കായികമത്സരങ്ങള്‍, ന്യൂദല്‍ഹിയില്‍ നടന്ന ജിം 20 ഉച്ചകോടി ഉള്‍പ്പെടെ സംഭവങ്ങള്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍(2003) ചിക്കാഗോ(2005), ന്യൂയോര്‍ക്ക്(2007), ലോസ് ആഞ്ചലസ്(2009), വാഷിങ്ടണ്‍(2011), ഫ്‌ളോറിഡ(2023), ഡാളസ്(2015), ഡിട്രോയിറ്റ്(2017), ന്യുജഴ്‌സി(2019), ഹൂസ്റ്റണ്‍ (2023) കണ്‍വന്‍ഷനുകള്‍, മാതാ അമൃതാനന്ദമയിയുടെ 2004, 2005, 2007, 2015 വര്‍ഷങ്ങളിലെ അമേരിക്കന്‍ സന്ദര്‍ശനം, ഫൊക്കാനാ ന്യൂജേഴ്‌സി കണ്‍വന്‍ഷന്‍(2004), ഫോമാ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ (2008), ഗീതായജ്ഞം ദുബായ്(2007) വേള്‍ഡ് അയ്യപ്പ സംഗമം ന്യൂയോര്‍ക്ക് (2013), മോഹന്‍ലാലും കൂട്ടുകാരും@41 മെഗാഷോ ദുബായ്(2019) എന്നിവ റിപ്പോര്‍ട്ടു ചെയ്തു.

ജന്മഭൂമി, കേസരി, ചിതി, നേര്‍ക്കാഴ്ച തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സംവാദകനാണ്.
കേസരി ട്രസ്റ്റ്, പത്രപ്രവര്‍ത്തക യൂണിയന്‍, ബാലഗോകുലം സംഘടനകളുടെ വിവിധ ചുമതലകള്‍ വഹിക്കുന്നു. 2003 മുതല്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കേരളത്തിലെ കോ ഓര്‍ഡിനേറ്റര്‍. അമേരിക്ക, ശ്രീലങ്ക, യുഎഇ, മലേഷ്യ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യൂനിസെഫ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.

അമേരിക്ക കാഴ്ചക്കപ്പുറം, അമേരിക്കയിലും തരംഗമായി മോദി, പ്രസ് ഗാലറി കണ്ട സഭ, പി.ടി ഉഷ മുതല്‍ പി.പരമേശ്വരന്‍ വരെ, രാജസൂയം മോഹന്‍ലാലും കൂട്ടുകാരും, പൊന്നുഷസ്, രാമന്റെ വഴിയെ, തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.

മറ്റ് വിവിധ വിഭാഗങ്ങളിലേക്ക് നോമിനേറ്റ് ചെയ്യപ്പട്ടവര്‍: 
നേമം വിക്ടറിബോയിസ് ഹൈസ്‌ക്കൂളിലെ അധ്യാപകന്‍ ശ്യാം ലാല്‍, പള്ളിക്കല്‍ എന്‍എസ്എസ് എച്ചഎസ്എസിലെ അധ്യാപിക കവിത, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശാസ്താംകോട്ട എസ്പിഎം സ്‌കൂള്‍ അധ്യാപകന്‍ പി.എസ്.ഗോപകുമാര്‍, നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഡോ.മിനി വേണുഗോപാല്‍, പാലോട് കെഎസ്‌സിഎസ്ടിഇ യിലെ ശാസ്ത്രജ്ഞന്‍ ഡോ. വിനോദ്കുമാര്‍ ടി.ജി നായര്‍, കാവാലം സംസ്‌കൃതി പ്രസിഡന്റ് ജി.സജികുമാര്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് തിരുവനന്തപുരം പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍നായര്‍, നിംസ് മെഡിസിറ്റി എംഡി ഫൈസല്‍ഖാന്‍, അസി.പ്രൊഫസര്‍ ആര്‍. ശ്രീപ്രസാദ്, ഹൈക്കോടതിയിലെ അഭിഭാഷക അഡ്വ. മഞ്ജു വി.കെ., ആള്‍ സെയ്ന്റ്‌സ് കോളേജിലെ അസി. പ്രൊഫ. ഡോ.ദിവ്യ എസ്.ആര്‍, കാര്യവട്ടം കാമ്പസിലെ തമിഴ് വിഭാഗത്തില്‍ ഫെലോ പോള്‍ രാജ്, ധനുവച്ചപുരം വിടിഎംഎന്‍എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിഷേക് ഡി.നായര്‍, തിരുവനന്തപുരം ക്രൈസ്റ്റ്‌
നഗര്‍ കോളേജിലെ ബിസിഎ വിദ്യാര്‍ത്ഥി ധ്രുവിന്‍ എസ്.എല്‍, പന്തളം എന്‍എസ്എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി സുധിസദന്‍, ബിരുദ വിദ്യാര്‍ത്ഥിനി മാളവിക ഉദയന്‍ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക