തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന നിരവധി പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ഭാരതത്തില്‍ എത്തുന്നു. നമ്മുടെ നാടിന്റെ പ്രത്യേകതകളെയും പൈതൃകത്തെയും ലോകത്തിന് പരിചയപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.സി. മാമ്മന്‍മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലമേളയുടെ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കവടിയാര്‍ കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ കേരളത്തെ അറിയുന്ന വള്ളം കളികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം. നമ്മുടെ ഈ പ്രത്യേകതകളെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാ സര്‍ക്കാരുകളും സ്വീകരിക്കേണ്ടതെന്നും വി. മുരളീധരന് പറഞ്ഞു. പമ്പാ ജലമേളയുടെ വര്‍ക്കിങ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷനായ ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി മുഖ്യപ്രഭാഷണം നടത്തി.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുന്‍ ഡിജിപി പി.ജെ. അലക്സാണ്ടര്‍ ജേക്കബ്ബ്, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്, വി.എന്‍. ഉണ്ണി, മുസലിയാര്‍ കോളജ് ചെയര്മാന് ഷെരീഫ് മുഹമ്മദ്, പമ്പാ ജലമേള സെക്രട്ടറി പുന്നൂസ് ജോസഫ്, കോഓര്‍ഡിനേറ്റര്‍ അനില്‍ സി. ഉഷസ്സ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: