Categories: Kerala

ഗവര്‍ണറുടെ പത്രക്കുറിപ്പ് കോടതിക്ക് ആയുധമായി

Published by

ന്യൂദല്‍ഹി: കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം സംബന്ധിച്ച് രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പ് അടിസ്ഥാനമാക്കിയാണ് നിയമനത്തില്‍ ബാഹ്യ ഇടപെടലുണ്ടായി എന്ന സുപ്രീംകോടതി കണ്ടെത്തിയത്. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് പുനര്‍നിയമന നടപടികള്‍ തുടങ്ങിയതെന്ന് പത്രക്കുറിപ്പില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. വിസിയെ പുനര്‍നിയമിച്ചുള്ള വിജ്ഞാപനം ഇറക്കിയത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആണെങ്കിലും തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനേത്തുടര്‍ന്നാണുണ്ടായതെന്ന് കോടതി പറഞ്ഞു. ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്കെതിരായി കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സംസ്ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

രാഷ്‌ട്രീയ സമ്മര്‍ദം മൂലമാണ് വിസി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് തുറന്നടിച്ചു. സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിച്ചു. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന വാദം പൊളിഞ്ഞു. ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉറപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ കത്ത്.

വിസിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു പുനര്‍നിയമനം നല്കി ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്കിയത് സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by