വയനാട്ടിലെ വനവാസി സമൂഹം ഒന്നടങ്കം ദര്‍ശനത്തിനെത്തുന്ന വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം, ഗോത്രജനതയുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഗോത്ര ഉത്സവങ്ങളില്‍ അവസാനം തീരുന്നതാണ് ഇവിടത്തേത്. ഉത്സവത്തിന്റെ ഏഴാംനാളിലാണ് കൊടിയേറ്റ്. പ്രധാന ഉത്സവച്ചടങ്ങുകളെല്ലാം നിര്‍വഹിക്കുന്നത് ആദിവാസികളാണ്. കാവിലെ ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന നീളമുള്ള മുളയാണ് കൊടിമരത്തിന് ഉപയോഗിക്കുക. മീനം ഒന്നു മുതല്‍ 14 വരെയാണ് ഉത്സവം. തലേന്ന് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഭഗവതിയുടെ തിരുവായുധമായ പള്ളിയറവാള്‍ എഴുന്നള്ളിക്കും. ഉത്സവം കഴിഞ്ഞ് വാള് തിരിച്ചും എഴുന്നള്ളിക്കും. വള്ളിയൂരമ്മ ജലദുര്‍ഗ്ഗയായും, വനദുര്‍ഗ്ഗയായും, ഭദ്രകാളിയായും കാവിലുണ്ട്. സ്വയംഭൂവായ ഭഗവതിയെ പ്രതിഷ്ഠിച്ച, മേല്‍ക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു വള്ളിയൂര്‍ക്കാവ്.
മാനന്തവാടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കബനീനദിയുടെ തീരത്താണ് വള്ളിയൂര്‍ക്കാവ്. വയനാടിന്റെ കാര്‍ഷിക ജീവിതത്തിന് തനിമ നല്കിയ ഇടമാണ്, മേലേക്കാവും താഴേക്കാവും ഉള്‍പ്പെടുന്ന ഈ ക്ഷേത്രം. ആധുനികതയും വികസനവും നാടിന്റെ മുക്കിലും മൂലയിലും വരെ എത്തിയപ്പോഴും പരമ്പരാഗത രീതികളെ കൈവിടാതെ ഇവിടെ കാത്തുസൂക്ഷിക്കുന്നു. വയനാടിന്റെ കാര്‍ഷിക കലണ്ടര്‍ എന്നും വള്ളിയൂര്‍ക്കാവ് ആറാട്ടിനെ വിശേഷിപ്പിക്കാം. താഴെഭഗവതി ക്ഷേത്രം നാടിന്റെ തുടിപ്പുകള്‍ സൂക്ഷിക്കുന്ന കേന്ദ്രസ്ഥാനം കൂടിയാണ്. ഉത്സവം കഴിയുന്നതുവരെ ഇവിടെ കളമെഴുത്ത് പാട്ടു നടക്കും. മേലെക്കാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ക്ഷേത്രത്തിനുള്ള ബന്ധം സൂചിപ്പിക്കുന്നു.
മൂപ്പന്മാര് കൊടിയേറ്റ് നടത്തുന്ന ഉത്സവം വയനാട്ടിലെ ആദിവാസി ഗോത്രങ്ങളുടെ ഏറ്റവും വലിയ ആഘോഷവും ഒത്തുചേരലുമാണ്. ഉത്സവപ്പറമ്പില്‍ ഒരു നാള് അന്തിയുറങ്ങുക എന്നതാണ് ഇവരുടെ പ്രധാന അഭിലാഷം. ഒരു വര്‍ഷത്തെ സമ്പാദ്യവുമായി എത്തുന്ന ആദിവാസികള്‍, അവര്‍ക്ക് ഒരു കൊല്ലത്തേക്ക് വേണ്ട മുഴുവന്‍ സാധനങ്ങളും വാങ്ങിയിരുന്നതു വള്ളിയൂര്‍ക്കാവില്‍ നിന്നായിരുന്നു. ഇന്ന് അതിനു ചെറിയ മാറ്റം വന്നിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന് പുല്‍പ്പായകളുമായി മടങ്ങുന്ന ആദിവാസികളുടെ കാഴ്ച ഒന്ന് വേറെ തന്നെയാണ്. 14 ദിവസം നീണ്ടുനില്‍ക്കുന്ന അന്നദാനത്തിനു ഭക്ഷണം തയ്യാറാക്കുന്നത് നമ്പൂതിരിമാരാണെങ്കിലും അടുപ്പില്‍ തീ പകരുന്നത് ആദിവാസി സമൂഹമാണ്.
കാവിലെ ഒപ്പനയും പ്രശസ്തമാണ്. മേല്‍ശാന്തി തലേദിവസം ധ്യാനമിരിക്കുകയും ദേവിയുടെ ഉള്‍വിളി ഉണ്ടാകുമ്പോള്‍ കല്ലോടിക്കടുത്ത ചേരങ്കോട്ട് ക്ഷേത്രത്തിലെത്തുകയും ചെയ്യും. ഒരു ദിവസം ധ്യാനമിരുന്ന് പിറ്റേദിവസം ഒപ്പനക്കോപ്പുമായി ഓടിയും നടന്നും കാവിലെത്തും. ആ സമയം പ്രകൃതി പോലും നിശബ്ദമായിരിക്കും. ഉത്സവത്തിന് സമാപനം കുറിച്ച് 15ന് പുലര്‍ച്ചെ താഴെക്കാവില്‍ ദാരികവധവും കോലംകൊറയും നടക്കും. മീനൂട്ടും വിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: