കൊല്ലം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്ത്. കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പത്തനംതിട്ടയിലേക്കും. പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന സ്ഥലത്തും ജോലിചെയ്യുന്ന ആശുപത്രിയിലും പോലീസ് സംഘം ഇന്ന് പരിശോധന നടത്തി. അടുത്തബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന ഫഌറ്റിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ സാധാരണപരിശോധനയാണോ അതോ മറ്റെന്തെങ്കിലും സൂചനയുടെ പുറത്ത് നടത്തിയ പരിശോധനയാണോ എന്നത് വ്യക്തമല്ല.
അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലാംദിവസവും പോലീസ് ഇരുട്ടില്‍ത്തപ്പുകയാണ്. ഇതുവരെയും കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ വെട്ടിച്ച് പ്രതികള്‍ നടത്തിയ യാത്രകളും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും വാഹനങ്ങള്‍ മാറിമാറി സഞ്ചരിച്ചതുമാണ് വെല്ലുവിളിയാകുന്നത്.
അതിനിടെ, ആറുവയസ്സുകാരി വ്യാഴാഴ്ച വൈകിട്ടോടെ ആശുപത്രിവിട്ടു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കുഞ്ഞ് വിക്ടോറിയ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: