ന്യൂദല്‍ഹി: വടക്കന്‍ ചൈനയിലെ കുട്ടികളില്‍ ശ്വാസകോശരോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം. കര്‍ണാടക, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പൊതുജനാരോഗ്യവും ആശുപത്രികളിലെ സൗകര്യങ്ങളും സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനാണ് നിര്‍ദേശം. നേരത്തെ തന്നെ ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാലാവസ്ഥ മാറുമ്പോഴുണ്ടാകുന്ന രോഗ വ്യാപനത്തെ (സീസണല്‍ ഫഌ) കുറിച്ചും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അഞ്ച് മുതല്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പകര്‍ച്ചവ്യാധിയാണിത്. മരണനിരക്ക് കുറവാണ്. എന്നാല്‍ കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ദീര്‍ഘകാലം മരുന്നുകളെടുക്കുന്നവര്‍ തുടങ്ങിയവരില്‍ അപകടസാധ്യതയ്ക്കിടയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പനി, വിറയല്‍, വിശപ്പ് കുറവ്, ഓക്കാനം, തുമ്മല്‍, വരണ്ട ചുമ മുതലായവയാണ് സീസണല്‍ ഫഌവിന്റെ പ്രധാന ലക്ഷണങ്ങള്‍. ഒരാഴ്ചയിലേറെ ലക്ഷണങ്ങളുണ്ടായാല്‍ അപകടസാധ്യതയേറും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, ഇടയ്ക്കിടെ കൈകള്‍ കഴുകുക, ആള്‍ക്കൂട്ടങ്ങളില്‍ മാസ്ക് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഉത്തരാഖണ്ഡിലെ ചമോലി, ഉത്തരകാശി, പിതോറഗഡ് തുടങ്ങിയ ജില്ലകള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതല്‍ തുടരണം. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കണം. ശിശുരോഗവിഭാഗങ്ങളിലും മരുന്ന് മേഖലകളിലും അവശ്യ നടപടികള്‍ കൈക്കൊള്ളുമെന്നും രാജസ്ഥാനിലെ ആരോഗ്യ വിഭാഗം അറിയിച്ചു.
കൊവിഡ് കാലത്ത് രൂപീകരിച്ച ആരോഗ്യസംവിധാനം പുതിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഗുജറാത്തും വ്യക്തമാക്കി. കേരളത്തില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജും വ്യക്തമാക്കിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നാണ് ചൈനയിലെ അധികൃതരുടെ വിശദീകരണം. കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയല്‍ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതല്‍ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: