തൃശൂര്‍: കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ തൃശൂർ ജില്ലയില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചത് 38 പേര്‍. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, ജനവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 103 പേര്‍ക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തി. ജില്ലയില്‍ ഇതുവരെ 2937 പേരാണ് എയ്ഡ്സ് ബാധിതരായി ചികിത്സയുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 797 പുരുഷന്‍മാര്‍ക്കും 240 സ്ത്രീകള്‍ക്കും ഒമ്പത് ട്രാന്‍സ്ജെന്റേഴ്സിനുമടക്കം 1042 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.
13,54, 874 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡി.എം.ഒ ടി.പി.ശ്രീദേവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ എയ്ഡ്സ് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് തെക്കേ ഗോപൂര നടയില്‍ ദീപം തെളിയിക്കും. തുടര്‍ന്ന് പ്രതിജ്ഞയെടുക്കലും നടക്കും. ഡിസംബര്‍ ഒന്നിന് രാവിലെ 8.30 ന് വിമല കോളേജില്‍ നിന്ന് ആരംഭിക്കുന്ന ബോധവത്ക്കരണ റാലി വിയ്യൂര്‍ എസ്.ഐ ഫ്ളാഗ് ഓഫ് ചെയ്യും.
പത്തിന് നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ.റീന എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.രേഖ ഗോപിനാഥ്, ഡോ.ശ്രീജിത്ത് ശ്രീകുമാര്‍, പി.എ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: