ദുബായ്: അംബര ചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല ദുബായിയെ മികച്ച ലോക നഗരങ്ങളിലൊന്നായി മാറ്റുന്നത്. മറിച്ച് അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക സാങ്കേതിക മേഖലകളിലെ പുത്തൻ ചുവട് വയ്‌പ്പുകൾ നഗരത്തിന്റെ ഉയർച്ചയുടെ നാഴികക്കല്ലുകളാണ്. ഇപ്പോൾ ഇതാ അറബ്, പ്രാദേശിക നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഒന്നാം സ്ഥാനത്തും ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് (ജിപിസിഐ) 2023-ൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും ഇടംപിടിച്ചിരിക്കുന്നെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. ഇതിന് പുറമെ 2023-ലെ സൂചികയിൽ, ടോക്കിയോ, ഇസ്താംബുൾ, മാഡ്രിഡ്, മോസ്കോ, സിംഗപ്പൂർ എന്നീ നഗരങ്ങളെ മറികടന്ന് സാംസ്കാരിക ഇടപെടലുകളിൽ ദുബായ് തുടർച്ചയായ രണ്ടാം വർഷവും നാലാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസാണ് കണക്കു വിവരങ്ങൾ അടങ്ങിയ സൂചിക പുറത്തിറക്കിയത്.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തിങ്കളാഴ്ച ഈ അംഗീകാരം പ്രഖ്യാപിച്ചത്. ഷെയ്ഖ് ഹംദാൻ തന്റെ X-ലെ അക്കൗണ്ടിൽ ഇതിനെ ഉദ്ദരിച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. “ഈ സൂചികയിൽ ദുബായ് ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ്. ഈ നേട്ടത്തിന് കാരണമായ എല്ലാവരോടും തങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. ദുബായിലെ എല്ലാ ടീമിനും അതിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. രാജ്യത്തിന്റ മികവിനായി സമർപ്പിതനായ ഒരു ദീർഘവീക്ഷണമുള്ള നേതാവിനെ ലഭിച്ചതിൽ തങ്ങൾക്ക് ഭാഗ്യമുണ്ട്. തങ്ങളുടെ അഭിലാഷങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ ദുബായ് സ്ഥിരമായി ഉന്നതസ്ഥാനം ലക്ഷ്യമിടുന്നു. ദുബായിലെ വിവിധ മേഖലകളിലെ അതികായകരുടെ കൂട്ടായ പ്രയത്‌നത്തിലൂടെ, ദുബായിയെ ഒരു ആഗോള ഭാവി നഗരത്തിന്റെ പ്രതിരൂപമാക്കി മാറ്റാൻ തങ്ങൾക്ക് കഴിയും” അദ്ദേഹം പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സമർപ്പിത ശ്രമങ്ങളാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023-ൽ ദുബായിയുടെ മുന്നേറ്റമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായുടെ മികവും നേട്ടങ്ങളും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ നിന്നാണ്. 2023-ലെ സൂചികയിൽ മൂന്ന് സ്ഥാനങ്ങൾ കയറി ദുബായ് എട്ടാം സ്ഥാനത്തെത്തി. ഈ നേട്ടത്തിന് ഭരണകർത്താക്കൾക്കെപ്പം പൗരന്മാരുടെയും താമസക്കാരുടെയും കൂട്ടായ ദൃഢനിശ്ചയവും സഹായകമായി. ജോലി ചെയ്യാനും ജീവിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഒരു ആഗോള സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ദുബായിയുടെ സ്ഥാനവും വളർച്ചയും ഉറപ്പിക്കുന്നതിന് ദേശീയ പ്രതിഭകളെ ശാക്തീകരിക്കുകയും ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ കഴിവുറ്റ മനസ്സുകളെ ആകർഷിക്കുകയും ചെയ്യുന്ന ലോകോത്തര തൊഴിൽ അന്തരീക്ഷങ്ങൾ നാം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജോലി ലഭ്യത, കുറഞ്ഞ തൊഴിലില്ലായ്‌മ നിരക്ക്, നഗര ശുചിത്വം എന്നിവയിൽ ദുബായിയുടെ മികവും നേതൃത്വവും സൂചിക വെളിപ്പെടുത്തി. ആഗോള പ്രദർശനങ്ങൾക്കും ഇവന്റുകൾക്കും ആതിഥേയത്വം വഹിക്കുന്നതിലും സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിലും വിമാനത്താവളങ്ങളിലൂടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിലും ദുബായ് ഏറെ മുന്നിട്ട് നിൽക്കുന്നു.
സമ്പദ്‌വ്യവസ്ഥ, സാമ്പത്തികം, ബിസിനസ്സ്, ടൂറിസം, യാത്ര എന്നിവയിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായി ദുബായ് നിലകൊള്ളുന്നു. ലോകത്തിലെ പ്രതിഭകളെ ആകർഷിക്കുന്നതിൽ ഏറ്റവും വിജയകരമായ നഗരങ്ങളിലൊന്നാണിത്. വിവിധ മേഖലകളിലെ 200-ലധികം രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ ഒരുമിച്ച് ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ദുബായിയെന്നും സൂചിക വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: