തിരുവനന്തപുരം: കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കുമ്പോൾ അത് സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ. പ്രഫുൽ കൃഷ്ണൻ. നിയമനത്തിൽ അനാവശ്യ ഇടപെടൽ ഉണ്ടായെന്ന കോടതി വിധിയിലെ പരാമർശം സംസ്ഥാന സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആ സ്ഥാനത്ത് തുടരാൻ യോഗ്യ അല്ലന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ഗവർണ്ണറെ സമ്മർദ്ദത്തിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ധാർമ്മികതയുടെ പേരിൽ സ്ഥാനമൊഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണം ആവശ്യമാണെന്നും സുപ്രീം കോടതി വിധി അതിന്റെ തുടക്കം ആകട്ടെയെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ഇടത് പക്ഷത്തിന്റെ രാഷ്‌ട്രീയ വൽക്കരണത്തിനും പിൻവാതിൽ നിയമനങ്ങൾക്കും ഒക്കെ വേദിയാകുന്നത് സർവ്വകലാശാലകളാണ്. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം നടത്താൻ ആർക്കായിരുന്നു താല്പര്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: