വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും സിനിമയിൽ വേണ്ടത്ര നല്ല അവസരങ്ങൾ ലഭിക്കാതെ പോയ ഒരാളാണ് ശാന്തകുമാരി. അതിന് തന്റെ ചില തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്നാണ് ശാന്തകുമാരി പറയുന്നത്. വിവാഹജീവിതത്തിലടക്കം ഒരുപാട് പ്രയാസങ്ങളിലൂടെ ശാന്തകുമാരിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.
ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ ശാന്തകുമാരിയെ സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികൾ ഏറെയും കണ്ടിട്ടുള്ളത്. നാല് പതിറ്റാണ്ടിലേറെയായ കരിയറിൽ 250 ഓളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചത്. ഏറ്റവും ഒടുവിൽ ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 2018 ൽ ആണ് ശാന്തകുമാരി അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ അതേക്കുറിച്ചൊക്കെ മനസുതുറക്കുകയാണ് നടി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും വിവാഹജീവിതത്തിന് സംഭവിച്ചതിനെ കുറിച്ചും ആദ്യ സംസ്ഥാന പുരസ്കാരത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശാന്തകുമാരി.
‘ചെറിയ ചെറിയ പാട്ടുസീനുകളിലൂടെയാണ് ഞാൻ തുടങ്ങുന്നത്. പിന്നീട് നാടകത്തിലേക്ക് എത്തി. നാടകത്തിൽ പാടി അഭിനയിക്കാൻ ആരും ഉണ്ടായിരുന്നില്ല. പാടി അഭിനയിച്ചു കൊണ്ടാണ് ഞാൻ ശ്രദ്ധനേടിയത്. പക്ഷെ ഒരിക്കെ ഒരാൾ പാട്ടിനിടയിൽ കവിളിൽ പിടിച്ചതോടെ ഞാൻ പാടി അഭിനയിക്കൽ നിർത്തി. തൊട്ടും പിടിച്ചുമുള്ള അഭിനയത്തോട് അന്നേ താല്പര്യമില്ലായിരുന്നു. ഒരു സിനിമയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ നടൻ രതീഷ് വന്ന് കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് വന്നതോടെയാണ് ഞാൻ സിനിമയിൽ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങിയത്,’ ശാന്തകുമാരി പറഞ്ഞു.
വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും ശാന്തകുമാരി സംസാരിച്ചു. ‘പതിമൂന്നാം വയസ്സിലാണ് വിവാഹിതയാകുന്നത്. അധികം വൈകാതെ മൂത്തമകൾ ജനിച്ചു. പിന്നീട് രണ്ടാമത്തെയാളും പതിനേഴാം വയസ്സിൽ വിധവയായി. അന്ന് കാഞ്ഞങ്ങാട് ആയിരുന്നു. അവിടെ നിന്നും ഞങ്ങൾ എറണാകുളത്തേക്ക് വന്നു. ആ പ്രായത്തിലായത് കൊണ്ട് ഭർത്താവിനെ കുറിച്ച് എനിക്ക് അധികം ഓർമകളില്ല. അന്ന് കളിച്ചു ചിരിച്ചു നടക്കണം എന്ന് മാത്രമായിരുന്നു എനിക്ക്. രണ്ടു കുട്ടികൾ ഉണ്ടെന്ന ഓർമ്മപോലും എനിക്ക് ഉണ്ടായിരുന്നില്ല,’
‘എല്ലാവരും പറഞ്ഞ് പറഞ്ഞാണ് അമ്മയെന്നുള്ള സ്ഥാനം പോലും ഞാൻ മനസിലാക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. അച്ഛനോ ആങ്ങളയ്‌ക്കോ ഒന്നും എന്നെ സഹായിക്കാനുള്ള സാമ്പത്യം ഉണ്ടായിരുന്നില്ല. ജോലി ചെയ്താലേ ജീവിക്കാൻ കഴിയുമായിരുന്നുള്ളു.വീട്ടു ജോലി പോലും എനിക്ക് അറിയില്ലായിരുന്നു. എന്നും പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവിടത്തെ അച്ഛന്മാരാണ് പാടി അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്,’
‘ആദ്യത്തേത് നല്ലൊരു വേഷമായിരുന്നു. എന്നാൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അവർ പറയുന്നത് ചെയ്യുന്നു എന്നായിരുന്നു. അയ്യായിരം രൂപയാണ് എനിക്ക് സിനിമയ്‌ക്ക് പ്രതിഫലമായി ലഭിച്ചത്. അതിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. അന്ന് അവാർഡിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. അന്ന് അമ്പത് രൂപയുടെ സാരി ഉടുത്താണ് ഞാൻ അവാർഡ് വാങ്ങാൻ പോയത്. അയ്യായിരം രൂപയാണ് എനിക്ക് അവാർഡ് തുകയായി ലഭിച്ചത്. അതിന് ശേഷം അമ്മയൊക്കെ എന്നോട് മിണ്ടി തുടങ്ങി. വീട്ടുകാർക്ക് മാറ്റം വന്നുതുടങ്ങി,’ ശാന്തകുമാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: