ന്യുദല്‍ഹി: കണ്ണൂര്‍ വൈസ്‌ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീം കോടതി. വി.സി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ അപ്പീൽ കോടതി അനുവദിച്ചു.
ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുകൾ മൂലം ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും അതിനാൽ ഇന്ന് നിയമനം അസാധുവാണെന്നുമാണ് സുപ്രീംകോടതി വിധി. ഹർജി ഹൈക്കോടതി സിംഗിൽ ബഞ്ചും ഡിവിഷൻ ബഞ്ചും തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിൽ എത്തിയത്. ഒക്ടോബർ 17ന് ഹർജിയിന്മേലുള്ള വാദം പൂർത്തിയായിരുന്നു. ചാൻസലറായ ഗവർണർ വൈസ് ചാൻസലർക്കെതിരായി സത്യവാങ്മൂലം സുപ്രീംകോടതിയിൽ കൊടുത്തിരുന്നു.
കണ്ണൂര്‍ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനര്‍ നിയമനം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് സുപ്രീംകോടതി അംഗീകരിച്ചു. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തിനും യോഗ്യതാ മാനദണ്ഡം പാലിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. കണ്ണൂര്‍ സര്‍വ്വകലാശാല നിയമ പ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചു. ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് നിയമനം തുടങ്ങിയ വാദങ്ങള്‍ ആണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.
എന്നാൽ പുനര്‍ നിയമനത്തിന് മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. വി. സിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിക്കൊണ്ട് ചാൻസലർ ഉത്തരവിട്ടത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ വി. സിക്ക് അതേ പദവിയിൽ ഗവർണർ നാല് വർഷത്തേയ്‌ക്ക് കൂടി പുനർനിയമനം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി. സിയെ തെരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: