Categories: Business

വന്‍നീക്കവുമായി ആസാദ്‌ മൂപ്പന്‍; ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗള്‍ഫിലെ 15 ആശുപത്രികളും 8400 കോടി രൂപയ്‌ക്ക് വിറ്റു

Published by

തിരുവനന്തപുരം: ആരോഗ്യരംഗത്ത് അത്യാധുനിക ആശുപത്രികളും അനുബന്ധ സേവനങ്ങളുമായി ശക്തമായി നിലയുറപ്പിച്ച കമ്പനിയാണ് ആസാദ് മൂപ്പന്റെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ഇവരുടെ പ്രധാന ബിസിനസായ ആധുനിക ആശുപത്രികള്‍ ദുബായിലും ഇന്ത്യയിലുമാണുള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ 15 ആശുപത്രികളുണ്ട്. ഈ ഗള്‍ഫിലെ ബിസിനസ് കഴിഞ്ഞ ദിവസം 101 കോടി ഡോളറിന് (8400 കോടി രൂപ) ആല്‍ഫ ജിസിസി ഹോള്‍ഡിംഗ്സ് എന്ന കമ്പനിക്ക് വില്‍ക്കാന്‍ ധാരണയായി. 15 ആശുപത്രികള്‍ മാത്രമല്ല, 131 ക്ലിനിക്കുകളും 276 ഫാര്‍മസികളും ഇതിന്റെ കൂട്ടത്തില്‍ പുതിയ കമ്പനി ഏറ്റെടുക്കും. ഗള്‍ഫില്‍ ദുബായില്‍ മാത്രമല്ല, ജിസിസി രാജ്യങ്ങളായ ഒമാന്‍, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ജോര‍്ദാന്‍ എന്നിവിടങ്ങളിലും ആശുപത്രികളുണ്ട്.

ആസ്റ്റര്‍ ഗ്രൂപ്പും ഫജ്റ കാപ്പിറ്റല്‍ അഡ്വൈസേഴ്സും സംയുക്തമായി നടത്തുന്ന സംരംഭമാണ് ആല്‍ഫ ജിസിസി ഹോള്‍ഡിംഗ്സ് എന്നതിനാല്‍ പുതിയ കമ്പനിയിലും ആസാദ് മൂപ്പന് റോളുണ്ട്.. ആല്‍ഫ ജിസിസിയില്‍ 35 ശതമാനം ഓഹരികള്‍ ആസാദ് മൂപ്പന്റെ അഫിനിറ്റി ഹോള്‍ഡിംഗ്സിനാണ്. 65 ശതമാനം ഓഹരി കൈവശം വെയ്‌ക്കുന്ന ഫജ്ര്‍ കാപിറ്റല്‍ അഡ്വൈസേഴ്സ് ആണ് ഈ ബിസിനസ് നിയന്ത്രിക്കുക. എങ്കിലും ആസ്റ്ററിന്റെ ഇന്ത്യയിലെ ഗ്രൂപ്പിന്റെയും ആസ്റ്ററിന്റെ പുതിയ ഗള്‍ഫ് ഗ്രൂപ്പിന്റെയും ചെയര്‍മാനും എംഡിയുമായി ഡോ. ആസാദ് മൂപ്പന്‍ തുടരും. മകള്‍ അലീഷ മൂപ്പന്‍ ഗള്‍ഫ് ബിസിനസിന്റെ ചുക്കാന്‍ പിടിക്കും.

ഇതോടെ ആസ്റ്ററിന്റെ ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസുകള്‍ രണ്ടായി തിരിയുകയാണ്. ഇന്ത്യയിലെ ബിസിനസ്സ് കൂടുതല്‍ കാര്യക്ഷമമായി മെച്ചപ്പെടുത്തുക എന്ന വ്യക്തിപരമായ ലക്ഷ്യം ആസാദ് മൂപ്പനുണ്ട്. ഗള്‍ഫ് ബിസിനസ് 8400 കോടി രൂപയ്‌ക്ക് വിറ്റ വാര്‍ത്ത പരന്നതോടെ ബുധനാഴ്ച ആസ്റ്റര്‍ ഡിഎം ഓഹരി വില കുതിച്ചുകയറി. ബുധനാഴ്ച 332 രൂപയില്‍ വ്യാപാരം ആരംഭിച്ച ആസ്റ്റര്‍ ഡിഎം ഓഹരികള്‍ 60 രൂപയോളം ഉയര്‍ന്ന് 393 രൂപയില്‍ അവസാനിച്ചു. ഏകദേശം 19 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.

1987ല്‍ ദുബായില്‍ ഒരു ചെറിയ ക്ലിനിക്കില്‍ നിന്നാണ് ആസാദ് മൂപ്പന്‍ ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇന്ത്യയില്‍ ആസ്റ്റര്‍ ഡിഎമ്മിന് 19 ആശുപത്രികളുണ്ട്. ഏകദേശം 4855 കിടക്കകളുമുണ്ട്. ഗള്‍ഫില്‍ 15 ആശുപത്രികളുണ്ട്. ഇവിടെ 1449 കിടക്കകള്‍ ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക