കോട്ടയം: കൊല്ലം ഓയൂരില്‍നിന്ന് കാണാതായ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പൊതുജനത്തിന്റെ ഇടപെടലും മാധ്യമങ്ങളുടെ ജാഗ്രതയുമാണ് കുട്ടിയെ തിരിച്ചുകിട്ടാന്‍ കാരണം. പോലീസിന് ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ അര്‍ഹതയില്ല, അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലത്തിന്റെ ഹൃദയഭാഗമായ ആശ്രാമം മൈതാനത്ത് അബിഗേലിനെ എങ്ങനെയെത്തിച്ചു, കുറ്റകൃത്യത്തിന്റെ പ്രേരണയെന്താണ്, ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയവയൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കുട്ടിയെ പട്ടാപ്പകല്‍ തിരക്കേറെയുള്ള സ്ഥലത്ത് ഉപേക്ഷിച്ച് തത്സമയം രക്ഷപ്പെടാന്‍ കുറ്റവാളികള്‍ക്ക് സാധിച്ചത് പോലീസ് സേനക്ക് നാണക്കേടാണ്. പോലീസ് നടത്തിയ പരിശോധനകള്‍ എല്ലാം പാഴായതിന് സര്‍ക്കാര്‍ ഉത്തരം പറയണം.
കേരളത്തില്‍ നടക്കുന്നത് നുണ പ്രചാരണ സദസ്സാണ്. നവകേരള സദസ്സിന് അഭിവാദ്യം അര്‍പ്പിക്കാന്‍ കുട്ടികളെ അണിനിരത്തരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശം ലംഘിച്ചു. സംഭവത്തില്‍ ഇടപെടാതെ ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും എവിടെയാണെന്നും സുരേന്ദ്രന് ചോദിച്ചു.
കേന്ദ്രം കേരളത്തെ ഞെരുക്കുന്നതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ്, വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 56,000 കോടി രൂപകേന്ദ്രം, നല്‍കാനുണ്ടെന്നാണ് ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ പറയുന്നത് 5400 കോടിയെന്നാണ്. വ്യാജപ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.
യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ പ്രതിപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കോട്ടയം ജില്ല അധ്യക്ഷന്‍ ജി. ലിജിന്‍ലാല്‍, ജില്ല ജന.സെക്രട്ടറി എസ്. രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: