മുംബൈ: രാഹുല്‍ ദ്രാവിഡിന് കീഴിലുള്ള പരിശീലക സംഘം ഭാരത ക്രിക്കറ്റ് ടീമിനൊപ്പം തുടരും. ദ്രാവിഡും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും നിലനിര്‍ത്തിക്കൊണ്ട് കരാര്‍ നീട്ടിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) പ്രഖ്യാപിച്ചു.
ദ്രാവിഡുമായി ബിസിസിഐ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കരാര്‍ നീട്ടുന്ന കാര്യത്തില്‍ ധാരണയായത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടുകൂടി ദ്രാവിഡ് മുഖ്യ പരിശീലകനായുള്ള സംഘത്തിന്റെ കാലാവധി അവസാനിച്ചിരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ വേണ്ടിവന്നത്. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ദ്രാവിഡ് ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ദ്രാവിഡിന്റെ അഭാവത്തില്‍ പരിശീലക പദവിയില്‍ ഭാരത ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന മുന്‍ താരം വി.വി.എസ്. ലക്ഷ്മണിനെയും ബിസിസിഐ അനുമോദിച്ചു. ദ്രാവിഡ് മുഖ്യ പരിശീലകനായ സംഘത്തില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയി മൂന്ന് പേര് കൂടിയുണ്ട്. ബാറ്റിങ് പരിശീലകനായി വിക്രം റാത്തോഡ്, ഫീല്‍ഡിങ് പരിശീലകനായി ടി. ദിലീപ്, ബൗളിങ് പരിശീലകനായി പരസ് മാംബ്രെ എന്നിവരാണ് സപ്പോര്‍ട്ടിങ് സ്റ്റാഫായുള്ളവര്.
2021 ട്വന്റി20 ലോകകപ്പിന് പിന്നാലെ രവി ശാസ്ത്രിയുടെ പരിശീലകന കരാര്‍ അവസാനിച്ച മുറയ്ക്കാണ് തല്‍സ്ഥാനത്തേക്ക് ദ്രാവിഡ് എത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷം ദ്രാവിഡിന് കീഴിലിറങ്ങിയ ഭാരത ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ച്ചവച്ചതായി ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും റണ്ണറപ്പുകളായത് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐയുടെ പ്രശംസ. ദ്രാവിഡിന് മുന്നില്‍ ഇനിവരാനിരിക്കുന്നത് ട്വന്റി20 ലോകകപ്പും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുമാണ്. ഇതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നടന്നുകൊണ്ടിരിക്കും. 2025 വരെയാണ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: