ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് ശത്രുവിമാനങ്ങള്‍ നശിപ്പിക്കാന്‍ പര്‍വതങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മേഖലകളില്‍ വിന്യസിക്കാന്‍ കഴിയുന്ന സ്ട്രൈക്കര്‍ കവചിത (ആര്‍മര്‍ഡ്) യുദ്ധ വാഹനത്തിന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റം ഉള്‍പ്പെട്ട പതിപ്പ് ഭാരതത്തിന് യുഎസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ള സ്ട്രൈക്കര്‍ കവചിത യുദ്ധ വാഹനങ്ങള്‍ ഭാരതത്തിലെ സൈന്യത്തിന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് അവര്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് പ്രതിരോധം മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുമായുള്ള 2+2 സംഭാഷണത്തിനിടെ, സ്ട്രൈക്കര്‍ കവചിത യുദ്ധ വാഹനത്തിന്റെ സഹനിര്‍മ്മാണത്തിനായി സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും പ്രഖ്യാപിച്ചു. ഇത് ആദ്യമായിയല്ല ഇന്ത്യയ്ക്ക് സ്ട്രൈക്കര്‍ സംവിധാനങ്ങള്‍ വില്ക്കാന് യുഎസ് സന്നദ്ധത പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ഉന്നതതല യോഗങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്െ്രെടക്കര്‍ വാഹനങ്ങള്‍ക്കായി അമേരിക്കന്‍ സ്ഥാപനം മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയങ്ങളിലെ വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യ വ്യവസായവുമായി ചേര്‍ന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് വികസിപ്പിച്ച വീല്‍ഡ് ആര്‍മര്‍ഡ് പ്ലാറ്റ്ഫോം പോലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കവചിത യുദ്ധ വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിരോധ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ച സമയത്താണ് അമേരിക്കയുടെ നിര്‍ദ്ദേശം.
ചൈന അതിര്‍ത്തിയിലെ അടിയന്തര സാഹചര്യങ്ങളില്‍ സൈനികരെ വേഗത്തില്‍ പ്രതികരിക്കാന്‍ സഹായിക്കുന്നതിനായി ലഡാക്ക് സെക്ടര്‍ പോലുള്ള മുന്‍നിര പ്രദേശങ്ങളില്‍ ഇന്ത്യ ഈ കവചിത പ്ലാറ്റ്ഫോമുകളില്‍ ചിലത് വിന്യസിച്ചിട്ടുണ്ട്. ഭാരത് ഫോര്‍ജ്, ടാറ്റ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രതിരോധ സേനയ്ക്ക് മുന്‍നിര പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: