പനാജി(ഗോവ): പേര്‍ഷ്യന്‍ ചലച്ചിത്രമായ എന്‍ഡ്ലെസ് ബോര്‍ഡേഴ്സിന് 54-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സുവര്‍ണ മയൂരം. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ മയൂരം മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
പ്രണയത്തിന്റെ ശക്തിയും തീവ്രതയും ചിത്രീകരിച്ച സിനിമയാണ് ഇറാനിയന്‍ സംവിധായകന് അബ്ബാസ് അമിനിയുടെ എന്‍ഡ്ലെസ് ബോര്‍ഡേഴ്സ്. കാന്താര അടക്കമുള്ള മൂന്ന് ഭാരതീയ സിനിമകളും പന്ത്രണ്ട് അന്താരാഷ്ട്ര സിനിമകളും മത്സരത്തിനുണ്ടായിരുന്നു.
ബ്ലാഗാസ് ലെസണ്‍സ് സംവിധാനം ചെയ്ത പ്രശസ്ത ബള്‍ഗേറിയന്‍ സംവിധായകന് സ്റ്റീഫന്‍ കൊമാണ്ടറേവിന് രജത മയൂരം ലഭിച്ചു. പതിനഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
മികച്ച നടിക്കുള്ള രജത മയൂരം പാര്‍ട്ടി ഓഫ് ഫൂള്‍സിലെ അഭിനയത്തിന് ഫ്രഞ്ച് നടി മെലാനി തിയറിക്ക് സമ്മാനിച്ചു. എന്‍ഡ്ലെസ് ബോര്‍ഡേഴ്സിലെ അഭിനയത്തിന് നടന് പൗറിയ റഹിമി സാമിനെ മികച്ച നടനായും തെരഞ്ഞെടുത്തു. പത്തുലക്ഷം രൂപയും മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
കന്നട ചിത്രമായ കാന്താര തയാറാക്കിയ റിഷഭ് ഷെട്ടിക്ക് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. പതിനഞ്ചു ലക്ഷവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം സംവിധായകനായ റേഗര് ആസാദ് കയയ്ക്കും സമ്മാനിച്ചു. ഹോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മൈക്കള്‍ ഡഗ്ലസിന് സത്യജിത് റായ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്കി.
സമാചന ചടങ്ങില്‍ കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ആദ്യകാല പ്രശസ്ത ഭാരതീയ സിനിമകളെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി സംരക്ഷിക്കുന്ന പ്രക്രിയകള്‍ പുരോഗമിക്കുകയാണെന്നും അയ്യായിരത്തോളം സിനിമകള്‍ ഇതിനകം സംരക്ഷിച്ചുകഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: