കേരളീയര്‍ ആകെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. ഒന്നും രണ്ടുമല്ല 20 മണിക്കൂര്‍ പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയി. അബിഗേല്‍ സാറ ജെറി എട്ടും പൊട്ടും തിരിയാത്ത ആറുവയസ്സുകാരി. സഹോദരനൊപ്പം ട്യൂഷനുപോകവെ ഒന്നാംക്ലാസുകാരിയെയാണിങ്ങനെ ചെയ്തത്. കൊല്ലം പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനില്‍ റെജി ജോണിന്റെയും സിജിജോണിന്റെയും മകള്‍. ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്നാണ് കാറില്‍ കയറ്റിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ നല്കിയാല് കുട്ടിയെ വിട്ടുനല്‍കാമെന്നു പിന്നീട് ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു.
ഇതോടെ ആശങ്കയും ഭീതിയും കാട്ടുതീപോലെയായി. നാട്ടുകാരാകെ ഓടിയെത്തി. എന്തുചെയ്യണമെന്നറിയാതെ അമ്പരപ്പായി. തിങ്കളാഴ്ച 4.45നുണ്ടായ സംഭവമറിഞ്ഞ് പോലീസെത്തി. സിസി ടി.വി. ചിത്രം തേടി പരക്കംപാച്ചിലായി. വാഹനങ്ങളെല്ലാം തടഞ്ഞ് പരിശോധിച്ചു. നിര്‍ഭാഗ്യമെന്നുപറയട്ടെ, ആശ്വാസകരമായ ഒരുവാക്കുപോലും നല്കാന് പോലീസിനായില്ല. ഇന്നലെ ഉച്ചയ്ക്കുശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കുട്ടിയെ കണ്ടുകിട്ടുകയായിരുന്നു. എങ്ങനെയുണ്ട് നമ്മുടെ നമ്പര്‍ വണ്‍ ‘ഖേരളം’.
കേരളത്തിലെ ഒരു മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം. അതും ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മണ്ഡലം. തൊട്ടടുത്ത് മറ്റൊരുമന്ത്രികൂടിയുണ്ട്. ചിഞ്ചുറാണി. അവരെ ആരെയും കൊല്ലത്ത് കണ്ടില്ല. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കള്ളപ്രചരണം നടത്തുന്ന യാത്രയിലായിരുന്നു ഇരുവരും. മുഖ്യമന്ത്രിയും 20 മന്ത്രിമാരും സെക്രട്ടേറിയറ്റ് അടച്ചുപൂട്ടിയുള്ള യാത്ര ചരിത്രത്തിലാദ്യം. ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനുള്ള ഈ യാത്ര ചരിത്രസംഭവമെന്നാണ് പറയുന്നത്. എന്നാല്‍ ഒരാളില്‍ നിന്നും മന്ത്രിമാര്‍ പരാതി സ്വീകരിക്കുന്നില്ല. അതിന് പത്രാസുണ്ടാക്കാന്‍ ഒന്നരക്കോടി മുടക്കി ബസ്. ഒരു സ്റ്റെപ്പ് കയറാന്‍ ലിഫ്റ്റ്. കാരവന് സ്റ്റൈലില്‍ പ്രത്യേക കക്കൂസ്, മറ്റ് സൗകര്യങ്ങളൊക്കെ ഒരുക്കിയ ബസ്. ഒട്ടും ആഡംബരമില്ലെന്നാണ് ഭാഷ്യം. ഇത് ലേലത്തിന് വച്ചാല്‍ തന്നെ ഇരട്ടിവില കിട്ടുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതല്ല മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷക്കണക്കിനാളുകള്‍ കാണാന്‍ വരുമെന്നും അതിലൂടെ കാശ് വാരാമെന്നും ന്യായം.
ഇതിന് മുമ്പാണ് കേരളീയ എന്ന പേരിലൊരു തട്ടുപൊളിപ്പന്‍ പരിപാടി സംഘടിപ്പിച്ചത്. അത് തലസ്ഥാനത്ത് മാത്രമായിരുന്നു. ടൂറിസം പരിപോഷിപ്പിക്കാനാണെന്നായിരുന്നു വാദം. ഔദ്യോഗികമായി 27 കോടി രൂപയാണ് പൊടിപൊടിച്ചത്. ഇതൊരു നഷ്ടമേ അല്ലെന്നാണ് ഇടതുമുന്നണി കണ്‍വീനറുടെ കണ്ടെത്തല്‍. അതൊരു മുതല്‍ മുടക്കാണ്. മുടക്കുമുതലിന്റെ എത്രയോ ഇരട്ടിവാരാന്‍ സാധിക്കുമത്രെ. നവംബര്‍ ഒന്നുമുതല്‍ ഒരാഴ്ചക്കാലം ആടിത്തിമര്‍ത്തപ്പോള്‍ പതിനായിരങ്ങളെത്തിയത്രെ. എത്ര രൂപയുടെ കളിക്കോപ്പുകളാണ് വിറ്റുപോയതെന്നറിയുമോ? കാലാകാലങ്ങളില്‍ ഈ കളി തുടര്‍ന്നും നടക്കും. അതോടെ ഓണാഘോഷമെന്ന പരിപാടി ഉപേക്ഷിക്കും. ടൂറിസം വികസിപ്പിക്കാനുള്ള ഈ പരിപാടി ടൂറിസത്തിന്റെ ചുമതലയുള്ള മരുമോന് മന്ത്രിയുടെ അജണ്ടയാണെന്ന് ആര്‍ക്കാണറിയാത്തത്.
ഓണാഘോഷം എന്നത് പാരമ്പര്യമായി നടക്കുന്നതല്ലെ. പാരമ്പര്യം എന്നത് തകര്‍ക്കാനുള്ളതാണല്ലോ. എങ്കിലല്ലെ നവോത്ഥാനം വരൂ എന്നാണല്ലൊ വാദം. ഓണം, മാവേലി എന്നൊക്കെ പറഞ്ഞാല്‍ മിത്താണെന്നല്ലൊ സര്‍ക്കാര്‍ സങ്കല്പം. അതൊക്കെ തകരണം. അല്ലെങ്കില്‍ തകര്‍ക്കണം. ഓണാഘോഷം പോകാന്‍പറ എന്ന മട്ടില്‍. പാരമ്പര്യങ്ങള്‍ തകര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടവരൊക്കെ തകര്‍ന്നടിഞ്ഞതാണ് സത്യം. അതിരിക്കട്ടെ.
അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ സൈനികനായ ആര്.ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണിത്. രാവിലെ 8.30ന് വീട്ടിനകത്ത് നിന്നിരുന്ന 12 വയസ്സുള്ള മകള്‍ പുറത്തിറങ്ങിയപ്പോഴാണ് മുഖംമറച്ച ചുരുദാറിട്ട സ്ത്രീ നില്‍ക്കുന്നത് കണ്ടത്. ആരാണെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഗേറ്റ് കടന്ന് തൊട്ടടുത്തായിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഇത് വാര്‍ത്തയാക്കി അമ്മ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. വൈകിട്ടാണ് അബിഗേലുവിനെ തട്ടിക്കൊണ്ടുപോയത്.
നാലരക്കാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെങ്കിലും പോലീസെത്തിയത് ഒന്നരമണിക്കൂര്‍ വൈകിയാണ്. അപ്പോഴേക്കും പ്രതികള്‍ ഏറെ ദൂരം പിന്നിട്ടിരിക്കും. കുട്ടിയെ കിട്ടിയശേഷം മന്ത്രിമാരോരോന്നായി തലപൊക്കുകയാണ്. കേരളം കാത്തിരുന്ന വാര്‍ത്തയെന്ന് അറിയിച്ച വീണാജോര്‍ജ്ജ്, കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നാണറിയിച്ചത്. കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കുഞ്ഞിനെ കിട്ടിയതെന്നാണ് വീണയുടെ അഭിപ്രായം. ജനങ്ങള്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. പ്രയത്നിച്ചു. പക്ഷേ മന്ത്രിമാര്‍ എന്തെടുക്കുകയായിരുന്നു? മുഖ്യമന്ത്രിയെ പ്രശംസിച്ച് മന്ത്രി റിയാസും പ്രസ്താവന ഇറക്കി.
രാജ്യത്ത് മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആദ്യം പ്രതികരിക്കുന്നത് ഞങ്ങളെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുപറയുന്ന മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് തെളിയിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക വര്‍ഗീയവാദികളെ കക്ഷത്തിലിരുത്തിയാണ് വര്‍ഗീയവിരുദ്ധവാദം നടത്തുന്നതെന്ന വിചിത്രസത്യം നിലനില്ക്കുന്നു.
മുഖ്യമന്ത്രിയുടെ വീടും വീട്ടിലെ തൊഴുത്തും പരിഷ്കരിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയ മുഖ്യന് ചികിത്സയ്ക്ക് തന്നെ ചെലവാക്കിയത് 75 ലക്ഷമാണ്. സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നില്ല. ഇതിന് കേന്ദ്രം പണം നല്‍കുന്നില്ലെന്നാണ് മുഖ്യന് പറയുന്നത്. കേന്ദ്രം നല്കിയ പണമെല്ലാം വകമാറ്റി പേരുമാറ്റി ധൂര്‍ത്തടിക്കുകയാണ്. മുന്‍ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി അന്വഷണം ആരംഭിച്ചു. കേന്ദ്രം നല്കുന്ന പണത്തിന്റെ ചെലവ് കണക്കുനല്‍കാതെ തുടര്‍ സഹായം നല്കാന് കഴിയില്ല. ഒരു കണക്കും നല്‍കിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചതിന് മറുപടി നല്‍കാതെ കേരളം ചോദിക്കുന്നത് ഔദാര്യമല്ലെന്ന വാദമാണ് നിരത്തുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് കമ്മിഷന് നല്‍കേണ്ടിവരുന്നില്ല. ധനകാര്യസ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കുന്നു. ആരുടെയും ശുപാര്‍ശ ഇല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ 6015 കോടി രൂപയുടെ വായ്പ വിതരണം ചെയ്യുന്നതില്‍ 1123 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കേരളത്തിനുള്ള പണം പിടിച്ചുവയ്ക്കുന്നില്ലന്ന് കേന്ദ്രം ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആരോപണങ്ങളഉന്നയിച്ച് വടക്കേ അറ്റത്തു നിന്നും യാത്ര തിരിച്ച അതേ സമയത്താണ് 6015 കോടി രൂപയുടെ വായ്പ വിതരണം ചെയ്യുന്നത്. കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. കേന്ദ്രം ഒരു രൂപപോലും നല്കാനില്ല. ഫണ്ടുകള്‍ വൈകുന്നത് യഥാസമയം അപേക്ഷകള്‍ നല്കാത്തതിനാല്.
സാമൂഹ്യ പെന്ഷന് നല്കാന് 521.95 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. ഒക്ടോബറിന്റെ കുടിശിക അടക്കം 604.14 കോടി നല്കി. എന്നാല്‍ രണ്ടാം ഗഡുവിന്റെ അപേക്ഷ നല്‍കിയിട്ടില്ല. യുജിസി കുടിശിക 750.93 കോടി നഷ്ടപ്പെടുത്തിയത് സംസ്ഥാനം. കുടിശികയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിക്കേണ്ടിയിരുന്നത് 2022 മാര്‍ച്ച് 31നായിരുന്നു. ഇക്കാര്യത്തിനായി 2022 ഫെബ്രുവരി 24 നും മാര്‍ച്ച് 10 നുമായി രണ്ടുതവണ കേന്ദ്രം കത്തയച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കാവശ്യമായ മൂലധന സഹായ ഇനത്തില്‍ 1,925 കോടി അനുവദിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് തുക കൈമാറാത്തത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് സെപ്തംബര്‍ 30 ന് മുമ്പ് കേന്ദ്രത്തിന് സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ നവംബര്‍ ആദ്യ ആഴ്ചയിലും ഇത് നല്‍കിയിട്ടില്ല. എന്നിട്ടും നട്ടാല്‍ മുളയ്ക്കാത്ത കള്ളം തട്ടിവിടുകയാണ് സര്‍ക്കാര്‍. കള്ളംപ്രചരിപ്പിക്കാനായി കോടികള്‍ മുടക്കി സെക്രട്ടേറിയറ്റ് പൂട്ടിയിട്ട് യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. എന്നാലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന് ഭാവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: