കൊല്ലം ഓയൂരില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആശ്വാസത്തോടെയാണ് അവളുടെ കുടുംബവും മറ്റുള്ളവരും കേട്ടത്. ഇങ്ങനെയൊരു വിവരം അറിയാന്‍ എല്ലാവരും ഒരു രാത്രി മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. സഹോദരന് ജോനാഥനൊപ്പം ട്യൂഷനുപോയ പെണ്‍കുഞ്ഞിനെ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ചെറുക്കാന്‍ ശ്രമിച്ച സഹോദരനെ കാറില്‍ കുറച്ചുദൂരം വലിച്ചിഴച്ചശേഷം തളളിയിടുകയായിരുന്നു. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്ത് ലക്ഷം രൂപ വേണമെന്ന് വീട്ടുകാര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെടുന്നവരെന്ന് സംശയിക്കാവുന്നവരെ പലയിടങ്ങളില്‍വച്ച് കണ്ടതായി നാട്ടുകാര്‍ പറയുകയുണ്ടായി. എന്താണ് നടന്നതെന്ന് എല്ലാ വിശദാംശങ്ങളുടെയും പെണ്‍കുട്ടിയുടെ സഹോദരന് വിവരിച്ചു. ഈ വിവരങ്ങളില്ലായിരുന്നുവെങ്കില്‍ അന്വേഷണത്തിന്റെ ദിശ നിര്‍ണയിക്കാന്‍ പോലീസിന് വല്ലാതെ ബുദ്ധിമുട്ടേണ്ടിവരുമായിരുന്നു. ലഭ്യമായ വിവരമനുസരിച്ച് പോലീസ് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവില്‍ നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ആരാണ് ഇവിടെ കുട്ടിയെ കൊണ്ടുവിട്ടതെന്നും, എപ്പോഴാണെന്നും ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ പോലീസിന്റെ ചുമതലയാണ്. അത് തടസ്സം കൂടാതെ നടക്കട്ടെ. ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിക്കാതെ കുട്ടിയെ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമാണ്. അവള് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പഴയതുപോലെ സന്തോഷത്തിലേക്കും പഠനത്തിലേക്കും അതിവേഗം തിരിച്ചെത്തട്ടെയെന്ന് ആശംസിക്കാം.
ഓയൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. ഇവിടെനിന്ന് പത്ത് കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് ഇത് നടക്കാതെ പോയത്. കേരളത്തിലെവിടെ വേണമെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാം. കുഞ്ഞുങ്ങളുടെമേല്‍ കഴുകന്‍കണ്ണുകളുമായി നടക്കുന്നവര്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമുണ്ടെന്ന കാര്യം ആരും ഒരു നിമിഷംപോലും വിസ്മരിക്കാന്‍പാടില്ല. കുട്ടികളുടെ കാര്യത്തില്‍ ജാഗ്രതയും കരുതലും എല്ലാവര്ക്കും വേണം. മാതാപിതാക്കളില്‍നിന്നു വേണം അതു തുടങ്ങാന്‍. നമുക്ക് പരിചയമുള്ള നാടാണെന്നു കരുതി കുട്ടികളെ ഒറ്റയ്ക്ക് പുറത്തുവിടരുത്. സ്കൂള്‍ബസ്സുകളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളെയും വീടിന്റെ ഏറ്റവുമടുത്ത് കൊണ്ടുവിടണം. ഇതിനാണ് കൂടുതല്‍ തുക ബസ് ഫീസ് കൊടുക്കുന്നത്. ചില സ്കൂള്‍ബസ്സുകള്‍ കുട്ടികളെ സര്‍വീസ് ബസ്സുകാരെപ്പോലെ സ്റ്റോപ്പുകളില്‍ ഇറക്കിവിടുന്ന രീതിയുണ്ട്. ഇവിടെനിന്ന് ദൂരെയുള്ള വീടുകളിലേക്ക് കുട്ടികള്‍ തനിച്ചാണ് വരേണ്ടത്. ഇത് അനുവദിക്കാന്‍ പാടില്ല. മറ്റൊന്ന്, മാധ്യമങ്ങളുടെ പെരുമാറ്റമാണ്. ഓയൂരിലേതുപോലെ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായാല്‍ ആവേശം മൂത്ത് കിട്ടുന്ന വിവരങ്ങളെല്ലാം പുറത്തുവിടരുത്. ഓയൂരില്‍ ഇതുണ്ടായി. പോലീസ് എവിടെയൊക്കെയാണുള്ളതെന്നും എന്തൊക്കെയാണ് ചെയ്യുന്നതെന്നും അപ്പപ്പോള്‍ കാണിച്ചുകൊണ്ടിരുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവരെയാണ് സഹായിച്ചത്. പോലീസിന്റെ വലയില്‍പ്പെടാതെ യഥാസമയം അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഈ തത്സമയ റിപ്പോര്‍ട്ടിങ്. പല വിവരങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല എന്നു പറഞ്ഞുകൊണ്ടുതന്നെ അതു വിളിച്ചുപറയുകയായിരുന്നു ചില ചാനലുകള്‍!
പോലീസിന്റെ കാര്യക്ഷമതയില്ലായ്മ ഓയൂര്‍ സംഭവത്തിലും തെളിഞ്ഞുകണ്ടു. പരാതി കിട്ടി വളരെ കഴിഞ്ഞതിനുശേഷമാണ് പോലീസ് അന്വേഷണവുമായി ഇറങ്ങിത്തിരിച്ചതെന്ന് ആക്ഷേപമുണ്ട്. വിവരണങ്ങള്‍ക്കായി പോലീസ് കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ അവിടം മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകല്‍ പോലെയുള്ള കേസുകളില്‍ പരാതി ലഭിക്കുന്ന നിമിഷം മുതല്‍ അന്വേഷണം ആരംഭിച്ചില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആലുവയില്‍ പീഡനത്തിനിരയായി പെണ്‍കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഓയൂരിലും പോലീസ് അന്വേഷിച്ചു എന്നത് ശരിയാണ്. പക്ഷേ അവര്‍ക്ക് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതല്ലേ വസ്തുത? ആശ്രാമം ഗ്രൗണ്ടില്‍ ഉപേക്ഷിച്ച കുട്ടിയെ ആദ്യം കണ്ടെത്തിയത് കോളജ് വിദ്യാര്‍ത്ഥികളാണെന്ന് പറയപ്പെടുന്നു. ഇവരാണത്രേ പോലീസിനെ അറിയിച്ചത്. ഇതൊക്കെ മറച്ചുപിടിച്ച് ഉല്ലാസയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ വാഴ്ത്താനും പോലീസിനെ പുകഴ്ത്താനും ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത് അപഹാസ്യമാണ്. ഭാഗ്യവശാല്‍ യാതൊന്നും സംഭവിക്കാതെ കുട്ടിയെ കിട്ടിയിരിക്കുന്നു. പോലീസിനു കഴിവുണ്ടെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ എത്രയുംവേഗം പിടികൂടട്ടെ. പല സൂചനകളും ലഭിച്ചിട്ടും അവര്‍ കാണാമറയത്താണ്. ഇനി ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, കരുതലും ജാഗ്രതയും എല്ലാവര്ക്കും വേണം. കുട്ടികള്‍ ഏതെങ്കിലുമൊരു മാതാപിതാക്കളുടെ മാത്രമല്ല, എല്ലാവരുടേതുമാണെന്ന ബോധം വേണം. കേരളം പഴയ കേരളമല്ലെന്ന തിരിച്ചറിവും ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: