കാറ്റലോണിയ: സ്പാനിഷ് ലാ ലിഗ സീസണില്‍ അല്‍ഭുത കുതിപ്പ് തുടരുന്ന എഫ് സി ജിറോണയ്‌ക്ക് ഒന്നാം സ്ഥാനം തിരികെപ്പിടിക്കാനുള്ള അവസരം നഷ്ടമായി. ഇന്നലെ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബോവോയോട് സമനിലയില്‍ കുരുങ്ങി. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനില പിടിച്ചത്.
രണ്ടാം പുകതിയിലാണ് കളിയിലെ രണ്ട് ഗോളുകളും വീണത്. 55-ാം മിനിറ്റില്‍ ജിറോണ ലീഡ് നേടി. വിക്ടര്‍ ടൈഷങ്കോവ് നേടിയ ഗോളിലാണ് ജിറോണ മുന്നിലെത്തിയത്. ലീഡ് നിലനിര്‍ത്താനാവാതെ 12 മിനിറ്റ് ശേഷം ടീം കരുത്തരായ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്ക് ഗോള്‍ വഴങ്ങി. ഇനാകി വില്ല്യംസ് ആണ് ടീമിന് സമനില ഗോള്‍ സമ്മാനിച്ചത്.
സീസണില്‍ 12-ാം ജയത്തോടെ റയല്‍ മാഡ്രിഡില്‍ നിന്നും ഒന്നാം സ്ഥാനം തിരികെ പിടിക്കാനാണ് ജിറോണ ഇന്നലെ കളത്തിലിറങ്ങിയത്. മുന്നേറ്റങ്ങള്‍ പലതും നടത്തിയെങ്കിലും അവ ഗോളിലേക്ക് തിരിച്ചുവിടുന്നതില്‍ ടീം പരാജയപ്പെടുകയായിരുന്നു. സമനിലയോടെ ടീം റയലിനൊപ്പം 35 പോയിന്റ് നേടി. ഗോള്‍ വ്യത്യാസത്തിന്റെ മികവിലാണ് റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. മുന്‍ ചാമ്പ്യന്‍മാരായ റയല്‍ കഴിഞ്ഞ ദിവസം കാഡിസിനെ തോല്‍പ്പിച്ചതോടെയാണ് മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: