അയോധ്യ: ശ്രീരാമജന്മഭൂമിയുടെ പുണ്യം നേടാന്‍ തായ്ലാന്ഡും. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി തായ്ലാന്‍ഡിലെ മണ്ണും ശ്രീരാമജന്മഭൂമിയിലെത്തിക്കും.
തായ് നദികളില്‍നിന്നുള്ള വെള്ളം ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലേക്ക് നേരത്തെ എത്തിച്ചിരുന്നു. ഇനി മണ്ണും എത്തിക്കും, വിശ്വഹിന്ദു പരിഷത്ത് തായ്ലാന്ഡ് ഘടകം പ്രസിഡന്റ് സുശീല്‍കുമാര്‍ സരഫ് പറഞ്ഞു. ഭാരതവും തായ്ലാന്ഡും തമ്മില്‍ ആഴത്തിലുള്ള ആത്മീയബന്ധത്തിന്റെ അടയാളമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്കോക്കില്‍ ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയില്‍ ഞങ്ങള്‍ ക്ഷേത്രം നിര്‍മിക്കും. എല്ലാവര്ക്കും ദര്‍ശനത്തിന് ഇവിടെയും സൗകര്യമൊരുക്കും. പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ഞങ്ങള്‍ക്കും ക്ഷണമുണ്ട്. അയോധ്യയിലേക്ക് ആയിരങ്ങളുടെ തീര്ത്ഥാടനമുണ്ടാകും. ബാങ്കോക്കിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോള്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഇക്കാര്യം ചൂണ്ടിക്കാട്ടിയതായി സരഫ് പറഞ്ഞു.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ഭാരതം സന്ദര്‍ശിക്കുന്നതിന് തായ് ജനതയ്ക്ക് വലിയ പ്രേരണയാകും. ഇപ്പോള്‍ സാരാനാഥിലും ബോധഗയയിലും തായ് സമൂഹം എത്താറുണ്ട്. വലിയ എണ്ണത്തില്‍ രാമഭക്തര്‍ ഇനി അയോധ്യയിലേക്കും എത്തും.
തായ്ലാന്‍ഡിലെ ഓരോ വീട്ടിലും മഹാഗണപതിയുടെ ബിംബങ്ങളുണ്ട്. വിവിധ വകുപ്പുകളുടെ ചിഹ്നങ്ങള്‍ ഹിന്ദു പ്രതീകങ്ങളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ബ്രഹ്മക്ഷേത്രദര്ശനത്തിന് എത്താറുണ്ട്, സുശീല്‍കുമാര്‍ സരഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: