അമ്പലപ്പുഴ: അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ ഇഷ്ട നിവേദ്യമായ ഉണ്ണിയപ്പം ക്ഷേത്രസന്നിധിക്കു സമീപം നിര്‍മിച്ച് ഒരു കൂട്ടം യുവാക്കള്‍ വില്‍പ്പന നടത്തിയത് ഒരു ഗൃഹനാഥന്റെ ജീവന്‍ രക്ഷിക്കാനായി. ഹരിപ്പാട് കരുതല്‍ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറെ നടയില്‍ ഉണ്ണിയപ്പ ചലഞ്ച് സംഘടിപ്പിച്ചത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി ഇപ്പോഴും ഡയാലിസിസ് ചെയ്യുന്ന തകഴി പുത്തന്‍ പറമ്പില്‍ ജോണ്‍സന്റെ ചികിത്സാച്ചെലവിനായാണ് ഈ കൂട്ടായ്മയുടെ പ്രസിഡന്റ് ഷാജി.കെ.ഡേവിഡിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമാര്‍ന്ന ചലഞ്ച് സംഘടിപ്പിച്ചത്.
15 വര്‍ഷത്തോളമായി വൃക്ക രോഗ ബാധിതനായ ജോണ്‍സണ്‍ ഇപ്പോള്‍ ഹരിപ്പാട് താലൂക്കാശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്.ചികിത്സക്കും യാത്രാച്ചെലവിനുമുള്‍പ്പെടെ ഒരു മാസം 25, 000 രൂപയോളം കണ്ടെത്തണം. ജോണ്‍സന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞാണ് കരുതല്‍ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ കൃഷ്ണ സന്നിധിക്കു സമീപം കണ്ണന്റെ ഇഷ്ട നിവേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കി വിറ്റത്.
15 ഓളം പേരാണ് ഈ കൂട്ടായ്മയില്‍ പങ്കാളികളായത്. എട്ടു വര്‍ഷമായി ഹരിപ്പാട് താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന 121-ാമത്തെ ചലഞ്ചാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: