കൊല്ലത്ത് തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു.
ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയാണ് നടിയും അവതാരകയുമായ ശാലിനി നായര്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ശാലിനിയുടെ പ്രതികരണം.
ശാലിനിയുടെ വാക്കുകൾ ;
പ്രതികളുടെ വകതിരിവ് വട്ടപ്പൂജ്യമായതു കൊണ്ട് അബിഗേൽ മോളെ തിരിച്ചു കിട്ടി. മോചനദ്രവ്യമായ 10 ലക്ഷത്തിനേക്കാൾ കച്ചവട സാധ്യതയുള്ള മറ്റേതെങ്കിലും സ്വേഛലാഭത്തിനായി പ്രതികൾ പദ്ധതിയിട്ടിരുന്നുവെങ്കിൽ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലായിപോവുമായിരുന്നില്ലെ. ആശ്വസിക്കാറായില്ല മനുഷ്യക്കടത്തുമുതൽ അവയവ കച്ചവടം വരെ നടക്കുന്നു.
കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് പഴുതില്ലാത്ത നിയമം പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. പൊന്നു മോളെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആ അമ്മ കണ്ണുതുടച്ചിട്ടുണ്ടാവും. ദൈവത്തിന് നന്ദി. പക്ഷേ കണ്ണുകളും കാതുകളും തുറന്നിരിക്കാം നമുക്കു ചുറ്റും എവിടെയൊക്കെയോ കുഞ്ഞുശരീരങ്ങൾ മാറ്റാരുടെയൊക്കെയോ കരങ്ങളിൽ ഞെരുങ്ങുന്നുണ്ടാവാം. സംശയാസ്പദമായി ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ ഒരു നിമിഷം പോലും പാഴാക്കരുതേ. നമ്മുടെ വീടുകളിലും കുഞ്ഞുങ്ങളുണ്ടെന്നോർക്കാം – ശാലിനിയുടെ പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: