കൊച്ചി: ദത്തുപുത്രിയെ തിരിച്ചേല്പിക്കാന് അനുമതി തേടി രക്ഷിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ പെണ്‍കുട്ടിക്ക് മാനസിക പിന്തുണ ഉറപ്പാക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്കി. ലുധിയാനയിലെ ഒരു ആശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടി തങ്ങളുമായി ചേര്‍ന്നു പോകുന്നില്ലെന്നും ഈ കുട്ടിയെ ദത്തെടുത്ത നടപടി റദ്ദാക്കി തിരിച്ചേല്പിക്കാന് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ജന്മം നല്കിയവര് ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇപ്പോള്‍ ദത്തെടുത്തവരും ഉപേക്ഷിക്കുന്നു. വല്ലാത്തൊരു അവസ്ഥയാണ് ആ കുട്ടിയുടേതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. നേരത്തെ ഹര്‍ജിയില്‍ അഡ്വ. പാര്‍വതി മേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. കെയര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒറ്റപ്പെട്ടു പോയതിന്റെ നിസഹായാവസ്ഥയിലാണ് പെണ്‍കുട്ടിയെന്നും അനുകമ്പയാര്‍ന്ന സമീപനം അനിവാര്യമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനോരോഗപരമായ ചികിത്സയല്ല, മാനസികമായ പിന്തുണയാണ് പെണ്‍കുട്ടിക്കു വേണ്ടതെന്നും ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടി സ്കൂളിലും കോളജിലും പോയി പഠിക്കണമെന്നാണ് കോടതിയുടെ ആഗ്രഹമെന്നും പ്ലസ് ടുവിന് ഓപ്പണ്‍ സ്കൂളില്‍ പ്രവേശനം നേടുന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി ഈ ഘട്ടത്തില്‍ വാക്കാല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കാന്‍ അമിക്കസ് ക്യൂറിക്കു നിര്‍ദേശം നല്കിയ സിംഗിള്‍ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കാറപകടത്തില്‍ മകന് മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ പഞ്ചാബില്‍ നിന്ന് പെണ്‍കുട്ടിയെ ദത്തെടുത്തത്. എന്നാല്‍ തങ്ങളെ രക്ഷിതാക്കളായി പെണ്‍കുട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ഒരുമിച്ചു പോകാന്‍ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കല്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: