കൊച്ചി: ശബരിമലയില്‍ കളഭാഭിഷേകത്തിന് വഴിപാടുകാര്‍ നേരിട്ട് സാധനങ്ങള്‍ നല്കിയാലും ദേവസ്വം ബോര്‍ഡ് മുഴുവന്‍ തുകയും വാങ്ങുന്നെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടു നല്കാന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനാടും വിശദീകരണം തേടി.
ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി 29 നു വീണ്ടും പരിഗണിക്കും. ദേവസ്വം ബോര്‍ഡ് ഭക്തരെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ജന്മഭൂമി ഈ മാസം 23നു റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ശബരിമലയില്‍ കളഭാഭിഷേകത്തിന് ഭക്തര്‍ 38,400 രൂപയാണ് അടയ്ക്കേണ്ടത്. സ്വന്തമായി ചന്ദനം വാങ്ങി അരച്ചു നല്കുന്നവര് ദേവസ്വം ഫീസായ 12,500 രൂപ നല്കിയാല് മതിയെങ്കിലും നിലവില്‍ മുഴുവന്‍ തുകയും ഭക്തരില്‍ നിന്ന് വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറെ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
നവംബര്‍ 17 നു കളഭാഭിഷേകത്തിന് കൂടുതല്‍ പണം വാങ്ങിയ സംഭവത്തെക്കുറിച്ച് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷണം നടത്തി ശബരിമല സ്പെഷല്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനും അമിക്കസ് ക്യൂറിയും ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ശബരിമല സ്പെഷല്‍ കമ്മിഷണറോടു ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: