കൊച്ചി: നവ കേരള സദസിന് സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാനും സ്കൂള്‍ ബസ് വിട്ടുകൊടുക്കാനുമുള്ള ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ക്കു പറ്റിയ തെറ്റാണെന്നും ഉത്തരവുകള്‍ പിന്‍വലിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ ആരെ പ്രീതിപ്പെടുത്താനാണ് നോക്കുന്നതെന്നും ഉത്തരവുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ പറയുന്ന സ്ഥിതിക്ക് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു.
ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആരാഞ്ഞു. സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫും സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിയുടെ ഉത്തരവിനെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി നിരീക്ഷണം.
ഈ ഉത്തരവുകള്‍ കുട്ടികളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കേരള വിദ്യാഭ്യാസ ചട്ട പ്രകാരമേ പ്രവര്ത്തിക്കാനാകൂയെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ഇവര്‍ക്ക് ഇത്തരം ഉത്തരവുകള്‍ നല്കാനാകുക? തെറ്റായ ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണ്ടേ? നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇതാവര്‍ത്തിക്കും. ബസുകള്‍ വിട്ടുകൊടുക്കണമെന്നു പറയുന്നതിനെക്കാള്‍ ഗൗരവമുള്ള കാര്യമാണ് കുട്ടികളെ വിടണമെന്നു പറയുന്നത്. നാടിന്റെ അമൂല്യ സമ്പത്താണ് കുട്ടികള്‍. ബസുകള്‍ ചീത്തയായാല്‍ ഉപേക്ഷിക്കാം. കുട്ടികളെ അങ്ങനെ ചെയ്യാനാകുമോ? കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ അംഗീകരിക്കാനാകില്ല. എന്നാല്‍ തെറ്റായ ഉത്തരവുകള്‍ പിന്‍വലിച്ചെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക്. എം. ചെറിയാന് വിശദീകരിച്ചു. തെറ്റായി ഉത്തരവിറക്കിയത് പരിശോധിക്കുമെന്നും വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കണമെന്നും ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: