ദേവ് ദീപാവലി നാളില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗംഗാതീരത്ത് കണ്മിഴിച്ചത് ലക്ഷക്കണക്കിന് ദീപങ്ങള്‍. ഏകദേശം 12 ലക്ഷത്തോളം ദീപങ്ങളാണ് ഗംഗാതീരത്തെ 85 സ്നാനഘട്ടങ്ങളിലായി ഭക്തര്‍ കൊളുത്തിയത്. ഇതില്‍ തന്നെ ഒരു ലക്ഷം ദീപങ്ങള്‍ ചാണകത്തില്‍ നിന്നും നിര്മ്മിച്ചെടുത്തതിനാല് ഇതിന്റെ പ്രഭാപൂരം വേറിട്ട അനുഭവക്കാഴ്ചയായി.
“കാശി ദേവ് ദീപാവലിയുടെ പര്യായപദമാണ്. ഈ വര്‍ഷവും ആഘോഷം ഗംഭീരമായി. വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുടെ സാന്നിധ്യം ഒരു പോലെ സന്തോഷം പകരുന്നു. അവര്‍ക്ക് ഇന്ത്യയുടെ സജീവമായ സാംസ്കാരികത്തനിമ അനുഭവിക്കാനായി”- മോദി ട്വിറ്ററില്‍ കുറിച്ചു.
“ഇത് അതുല്യമായ അനുഭവമാണ്. അവിശ്വസനീയമായ ലൈറ്റ് ആന്റ് സൗണ്ട് ഷോ കണ്ടു. ആധുനികതയ്ക്കും പാരമ്പര്യത്തിനും സാക്ഷിയായി”- യൂറോപ്യന്‍ യൂണിയന് അംബാസഡര്‍ ഹെര്‍വ് ഡെല്ഫിന് പറഞ്ഞു. തെക്കന്‍ സുഡാന് എംബസിയിലെ മാര്ട്ടിന് ഡാനിയല്‍ മാന്‍ഡെ, സൈപ്രസ് ഹൈകമ്മീഷണര്‍ എവഗോറാസ് തുടങ്ങി നിരവധി നയതന്ത്രപ്രതിനിധികള്പങ്കെടുത്തു. രണ്ട് വര്‍ഷം മുന്‍പ് മോദിയാണ് ദേവ് ദീപാവലിയില്‍ പങ്കെടുത്തതെങ്കില്‍ ഇക്കുറി 70 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്തെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
വിശ്വനാഥക്ഷേത്രത്തില്‍ നിന്നുള്ള ഗംഗാദ്വാറില്‍ ലേസര്‍ ലൈറ്റുകളും തെളിയിച്ചിരുന്നു. വിദേശടൂറിസ്റ്റുകളും ധാരാളമായി ഒഴുകിയെത്തിയതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടിരുന്നു. ജില്ലാ മജിസ്ട്രേറ്റ് രാജലിംഗത്തിന്റെ നേതൃത്വത്തില്‍ സ്നാനഘട്ടങ്ങളെല്ലാം നേരത്തെ വൃത്തിയാക്കിയിരുന്നു.
ഭഗവാന് ശിവനും കാശിയും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്ന ലേസര്‍ ഷോയും അരമണിക്കൂര്‍ കൂടുമ്പോള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് ടൂറിസ്റ്റുകള്‍ക്ക് വേറിട്ട അനുഭവമായി ദീപങ്ങള്‍ കൊളുത്തുന്നതിന് മുന്‍പ് ബോട്ടുകാരും വള്ളക്കാരുമായി ഉദ്യോഗസ്ഥര്‍ പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ആവേശത്തിന്റെ പേരില്‍ കൂടുതല്‍ കയറ്റി ഗംഗയിലേക്കിറങ്ങരുതെന്നത് ഉള്‍പ്പെടെ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥര്‍ അവരെ ധരിപ്പിച്ചിരുന്നു. വിവിധ പടവുകളില്‍ ബോട്ട് ഡ്രൈവര്‍മാരെ ബ്രെത് അനലൈസ് പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കുകയും ചെയ്തിരുന്നു. സുരക്ഷ ഉദ്ദേശിച്ചായിരുന്നു ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: