ന്യൂദല്‍ഹി: നാവിക സേനയുടെ കരുത്ത് വര്ധിപ്പിക്കാനെത്തുന്ന റഫാല്‍ എം യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള സ്കാല്‍പ് ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ സജീവം. ഭാരതത്തിന്റെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം യുദ്ധവിമാനങ്ങളുടെ ആയുധ പാക്കേജില്‍ സ്കാല്‍പിനെ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നാവികസേനയും സ്കാല്‍പ് മിസൈലുകളുടെ നിര്‍മാതാക്കളായ എംബിഡിഎയും (ഫ്രഞ്ച് ആയുധ നിര്‍മാതാക്കള്‍) തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
അത്യാധുനിക മിസൈല്‍ സംവിധാനത്തെ റഫാല്‍ എമ്മില്‍ വിന്യസിക്കുന്നതുള്‍പ്പെടെ, ഭാരതത്തിന്റെ നാവിക സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയാറാണെന്ന് എംബിഡിഎ അറിയിച്ചു. ഇത് നേരത്തെ തന്നെ വ്യേമസേനയ്ക്ക് നല്‍കിയിരുന്നു. നാവിക സേനയുമായി അന്‍പത് വര്‍ഷത്തെ പങ്കാളിത്ത ചരിത്രമാണുള്ളതെന്നും എംബിഡിഎ കൂട്ടിച്ചേര്‍ത്തു.
മുന്നൂറു കിലോമീറ്ററിലധികം പ്രഹരശേഷിയുള്ളവയാണ് സ്കാല്‍പ് മിസൈലുകള്‍. ശത്രു മേഖലകളിലെ സുരക്ഷിത ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കാന്‍ കഴിയും. നേരത്തെ തന്നെ ഇവ ഭാരതത്തിന്റെ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. റഷ്യ-ഉക്രൈന് യുദ്ധത്തിലുള്‍പ്പെടെ സ്കാല്‍പ് മിസൈലുകള്‍ അവയുടെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. വ്യോമസേനയുടെ റഫാലിന് ഒരേ സമയം രണ്ട് സ്കാല്‍പ് മിസൈലുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ നാവിക സേനയുടെ ഭാഗമാകുന്ന റഫാല്‍ എം യുദ്ധവിമാനങ്ങള്‍ക്ക് ഒരു സ്കാല്‍പ് മിസൈല്‍ മാത്രമേ വഹിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: