കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവകാലത്ത് നടക്കുന്ന ചടങ്ങാണ് ഓലക്കുട സമര്‍പ്പണം. ഇതിന് പിന്നില്‍ ഒരു ഐതിഹ്യം ഇങ്ങനെ: തൃക്കൊടിത്താനത്തിന് കിഴക്ക് കുന്നന്താനം എന്ന സ്ഥലത്താണ് ഉമിക്കുന്നിന്മല. പഞ്ചപാണ്ഡവന്മാര് വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണു വിശ്വാസം. പാണ്ഡവ പത്നിയായ പാഞ്ചാലി മുറത്തിലിട്ട് അരി പാറ്റുമ്പോള്‍ കാറ്റത്ത് അടിഞ്ഞുകൂടിയ ഉമി കൂമ്പാരമായി മാറുകയും ഇതു പിന്നീട് ഉമിക്കുന്നായിമാറുകയും ചെയ്തുവത്രെ. ഈ കുന്നിന് മുകളില്‍ ഒരു കിണറുമുണ്ട്.
ഒരിക്കല്‍ ഗണക വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കുന്നുകയറിച്ചെന്ന് കിണറ്റിലേക്ക് നോക്കി. ജലോപരിതലത്തില്‍ വളര്‍ന്നുകിടക്കുന്ന മനോഹരമായ ഒരു ചെടി കണ്ടു. സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന നീലക്കൊടുവേലിയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തമാക്കണമെന്ന മോഹമുദിച്ചു. കിണറ്റിലിറങ്ങിയ ഗണകന് നീലക്കൊടുവേലി പറിക്കാന്‍ ഭാവിക്കവെ അത് കിണറ്റിനുള്ളിലേക്ക് താണുകൊണ്ടേയിരുന്നു. ഇതിനനുസരിച്ച് ഗണകനും താഴേക്കിറങ്ങി. ഒടുവില്‍ കിണറിന്റെ അടിത്തട്ടുവരെയെത്തി. എന്നാല്‍ നീലക്കൊടുവേലി ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിച്ചില്ല. അദ്ദേഹം നിരാശനായി. മുകളിലേക്ക് നോക്കിയ ഗണകന് ആകെ ഭയന്നു. കിണറ്റിലാകെ ഇരുള് വന്നു മൂടി.
നീലക്കൊടുവേലിയുടെ സംരക്ഷകനായ സര്‍പ്പം കിണറിന്റെ മുകള്‍ഭാഗത്ത് പത്തിവിടര്‍ത്തി നില്ക്കുന്നതായി കണ്ടു. അത് സര്‍പ്പ ശ്രേഷ്ഠനായ അനന്തന് ആണെന്ന് ഗണകന് തിരിച്ചറിഞ്ഞു. ഭഗവത് കാരുണ്യമില്ലാതെ തനിക്കിനി രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം തൃക്കൊടിത്താനത്ത് തേവരെ( മഹാവിഷ്ണു) ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ആണ്ടിലൊരിക്കല്‍ വലിയൊരു കുട ഭഗവാന് വഴിപാടായി സമര്‍പ്പിക്കാം എന്ന് പറഞ്ഞതോടെ സര്‍പ്പം വഴിമാറി എന്നാണ് ഐതിഹ്യം. ഈ വഴിപാട് സമര്‍പ്പണം ആ ഗണകന്റെ പിന്തലമുറക്കാര് ഇന്നും തുടരുന്നു. തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രോത്സവത്തിലെ കൊടിയേറ്റിന് മുമ്പായാണ് ഓലക്കുട സമര്‍പ്പണം. ഈ കുട ശീവേലിക്ക് ഉപയോഗിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: