കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ വീണ്ടും ട്വിസ്റ്റ്. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് താന്‍ കത്ത് നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്ന കുസാറ്റ് എഞ്ചിനീയറിംഗ് കോളെജ് പ്രിന്‍സിപ്പലിനെ മാറ്റി.
പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട പ്രിന്‍സിപ്പല്‍ നൽകിയ കത്താണ് തിങ്കളാഴ്ച പുറത്തു വന്നത്. നവംബർ 26ന് കത്ത് ലഭിച്ചിട്ടും രജിസ്ട്രാർ പോലീസിന് കൈമാറിയില്ല എന്നാണ് ആരോപണം. കത്ത് പോലീസിനെ ഏല്പിക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി. ആൻ്റണി ആരോപിച്ചു. പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയതായി ഉത്തരവ് പുറത്തുവന്നത്. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ പൊലീസിനെ അറിയിക്കണമായിരുന്നുവെന്നും കോളെജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നുമുള്ള ആരോപണം ഉയരുന്നതിനിടയിലാണ് കോളെജ് പ്രിന്‍സിപ്പലിന്റെ നിരപരാധിത്വം തെളിയിക്കുന്ന കത്ത് പുറത്തുവന്നത്.
പ്രോഗ്രാം നടക്കുന്ന തീയതിയും സമയവും ഉൾപ്പടെ വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത്. അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നത്.ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാൻ സാധ്യതയുണ്ട്. പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പൊലീസിനെ ഉറപ്പാക്കേണ്ടത്. പ്രിൻസിപ്പല്‍ നൽകിയ ഈ കത്തിൻമേൽ സർവകലാശാല റജിസ്ട്രാർ വേണ്ട നടപടി സ്വീകരിച്ചില്ല എന്നും പോലീസിനെ അറിയിച്ചില്ല എന്നുമാണ് ആരോപണം.
മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു. സുരക്ഷാവീഴ്ചയടക്കം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ ആലുവ റൂറല്‍ എസ് പിയ്‌ക്കും കൊച്ചി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കും കമ്മീഷന്‍ അംഗം ബീനാകുമാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതി
ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കുസാറ്റ് വിസി അറിയിച്ചു. അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി തിങ്കളാഴ്ച തന്നെ കൊച്ചിയിൽ യോഗം ചേർന്നിരുന്നു.
ഇതിനിടെ, കുസാറ്റ് വിസി ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: