കൊച്ചി: എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കോര്‍പറേറ്റ് മൈ സ്റ്റാമ്പും പ്രത്യേക തപാല്‍ കവറും പുറത്തിറക്കി.
സ്റ്റാമ്പും കവറും കൊച്ചിയിലെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സയീദ് റാഷിദ് ഐപിഒഎസ് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണനു നല്കി പ്രകാശനം ചെയ്തു. പന്ത്രണ്ട് സ്റ്റാമ്പുകള്‍ വീതമടങ്ങുന്ന 5000 ഷീറ്റുകളാണ് പുറത്തിറക്കിയത്.
75 വര്‍ഷത്തെ ഗവേഷണ മികവ് എന്ന് ആലേഖനം ചെയ്ത സ്റ്റാമ്പില്‍ സിഎംഎഫ്ആര്‍ഐയുടെ ലോഗോയും കൊച്ചിയിലെ ഓഫീസ് സമുച്ഛയത്തിന്റെ ചിത്രവുമാണുള്ളത്. 1947ല്‍ സ്ഥാപിതമായ സിഎംഎഫ്ആര്‍ഐ, സമുദ്രമത്സ്യമാരികള്ച്ചര് ഗവേഷണ രംഗത്ത് ലോകത്തിലെ തന്നെ മുന്‍നിര സ്ഥാപനമാണ്.
നിലവില്‍, മണ്ഡപം, തൂത്തുക്കുടി, ചെന്നൈ, വിശാഖപട്ടണം, വെരാവല്‍, മുംബൈ, കാര്‍വാര്‍, മംഗലാപുരം, കോഴിക്കോട്, വിഴിഞ്ഞം, ദിഘ എന്നിവിടങ്ങളിലായി 11 പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളുണ്ട്.
കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 17 ഫീല്‍ഡ് സെന്ററുകളും രണ്ട് കൃഷി വിജ്ഞാന കേന്ദ്രങ്ങളും സിഎംഎഫ്ആര്‍ഐക്ക് ഉണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐസിഎആര്‍) കീഴിലാണ് സിഎംഎഫ്ആര്‍ഐ പ്രവര്‍ത്തിക്കുന്നത്.
സിഎംഎഫ്ആര്‍ഐക്ക് ഇത് അഭിമാന നിമിഷമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഡയറക്ടര്‍ ഡോ എ. ഗോപാലകൃഷ്ണന് പറഞ്ഞു. ഇന്ത്യയിലെ സമുദ്രമത്സ്യബന്ധന മാരികള്‍ച്ചര്‍ ഗവേഷണവികസനപ്രവര്ത്തനങ്ങള്ക്ക് സിഎംഎഫ്ആര്‍ഐ നല്കിയ സംഭാവനകളുടെ പ്രതീകമാണ് ഈ ഉദ്യമം.
രാജ്യത്തെ 40 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര പരിപാലനരീതികളിലൂടെ സമുദ്രമത്സ്യ ഉല്പാദനം കാര്യക്ഷമമാക്കുന്നതടക്കമുള്ള ധാരാളം മേഖലയില്‍ സിഎംഎഫ്ആര്‍ഐ ഗവേഷണം നടത്തിവരുന്നുണ്ട്.
പോസ്റ്റോഫീസ് സീനിയര്‍ സൂപ്രണ്ട് ശിവദാസന്‍ പി കെ, സിഎംഎഫ്ആര്‍ഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരീഷ് നായര്‍, കംപ്ട്രോളര്‍ പ്രശാന്ത് കുമാര്‍, മാരികള്‍ച്ചര്‍ വിഭാഗം മേധാവി ഡോ വി വി ആര് സുരേഷ്, ഡോ പ്രതിഭ രോഹിത്, ഡോ ബോബി ഇഗ്നേഷ്യസ്, ഡോ രേഖ ജെ നായര്‍, ഡോ ഗീത ശശികുമാര്‍, ഡോ മിറിയം പോള്‍ ശ്രീറാം, ഡോ എല്‍ദോ വര്‍ഗീസ്, സി ജയകാന്തന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: