Categories: Kerala

‘സ്ത്രീത്വം ഉണരട്ടെ, രാഷ്‌ട്രം ഉയരട്ടെ’; രാഷ്‌ട്ര പുരോഗതി സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്ന് ജാമിത ടീച്ചര്‍

സ്ത്രീകള്‍ ശക്തരാണെന്ന് പറയുമ്പോഴും മറ്റു പലകാര്യങ്ങളിലും ദൗര്‍ബല്യമുള്ളവരായി മാറുന്നു.

Published by

മലപ്പുറം: സമൂഹത്തില്‍ സ്ത്രീകള്‍ സാമ്പത്തികമായും സാംസ്‌കാരികമായും ശാക്തീകരിച്ചാലേ രാഷ്‌ട്ര പുരോഗതി സാധ്യമാകുകയുള്ളുവെന്ന് ജാമിത ടീച്ചര്‍. ‘സ്ത്രീത്വം ഉണരട്ടെ, രാഷ്‌ട്രം ഉയരട്ടെ’ എന്ന സന്ദേശമുയര്‍ത്തി മഹിളാ സമന്വയ വേദി ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീകള്‍ ശക്തരാണെന്ന് പറയുമ്പോഴും മറ്റു പലകാര്യങ്ങളിലും ദൗര്‍ബല്യമുള്ളവരായി മാറുന്നു. കുടുംബത്തിലും പൊതു സമൂഹത്തിലും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് സ്ത്രീകള്‍ പ്രധാനമായും ചിന്തിക്കുന്നത്. സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കണം.

ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട നേതാവാണ് ഭാരതത്തിന്റെ പ്രധാന മന്ത്രിയായ നരേന്ദ്ര മോദി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ശ്രമിക്കാതെ തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയായിരുന്നു അദ്ദേഹം.

ഹിന്ദു മതവും സംസ്‌ക്കാരവും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീയുടെ ശബ്ദം വീടിന്റെ മേല്‍ക്കൂരയുടെ മുകളില്‍ കേള്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന ഇസ്ലാം മതത്തില്‍ നിന്ന് തനിക്ക് ഇവിടെ എത്തിനില്‍ക്കാമെങ്കില്‍ ഹൈന്ദവ സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ എത്തിച്ചേരാനും മഹത്തരങ്ങളായ കാര്യങ്ങള്‍ നിറവേറ്റാനും സാധിക്കും.

മതത്തിന്റെ അടിമകളായി ജീവിക്കുന്നതുകൊണ്ടാണ് സിറിയയില്‍ പോയി പൊട്ടിത്തെറിക്കേണ്ടിയും ലൈംഗിക അടിമകളായി ജീവിക്കേണ്ടിയും വരുന്നത്. സ്ത്രീ സ്‌കൂട്ടര്‍ ഓട്ടിച്ചതിന് കാല് തല്ലി ഒടിച്ച മലപ്പുറത്ത് നിന്നാണ് സ്ത്രീകളെ മാത്രം വഹിച്ചുകൊണ്ട് സ്ത്രീ പൈലറ്റായ 16 ഹജ്ജ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി. കൊടശ്ശേരി ശങ്കരാശ്രമം മഠാധിപതി സ്വാമിനി താരാനന്ദപുരി ദീപം തെളിച്ചു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് സി. ജീജാബായ് അദ്ധ്യക്ഷത വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by