കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നവകേരള സദസ് നടത്തി ദിവസങ്ങൾക്കകം കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്ന് ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് കൊളക്കാട് സ്വദേശിയായ ക്ഷീരകർഷകൻ എം. ആർ ആൽബർട്ടാണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഭാര്യ പളളിയിൽ പോയ സമയത്ത് വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് വന്നതായി നാട്ടുകാർ പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുളളൂ. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്നാണ് രണ്ട് ലക്ഷത്തിലധികം രൂപ ആൽബർട്ട് വായ്പയെടുത്തിരുന്നത്. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന്.
ആൽബർട്ട് കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ മാസമാണ് ഈ പദവി ഒഴിഞ്ഞത്. 25 വർഷങ്ങളായി ക്ഷീര കാർഷിക രംഗത്ത് സജീവമായ കർഷകനാണ്. ജനങ്ങളുടെ പരാതി പരിഹരിക്കാൻ നേരിട്ടിറങ്ങുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും നവകേരള സദസ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 21 നും 22 നുമാണ് കണ്ണൂർ ജില്ലയിൽ നവകേരള സദസ്സ് നടന്നത്. ഇതിന് പിന്നാലെയാണ് ജപ്തി ഭീഷണിയെ തുടർന്ന് ക്ഷീരകർഷകൻ ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: