കൊച്ചി: കുസാറ്റില്‍ സംഗീതനിശയ്‌ക്കിടെ തിക്കിലും തിരക്കിലും നാലുപേര്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ ആരായാലും നടപടി ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അനുമതി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞൊഴിയാന്‍ പോലീസിനാകില്ല. ആറായിരം പേര്‍ കൂടുന്നിടത്ത് ക്രമസമാധാനപാലനത്തിന് പോലീസിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോടികളുടെ ബസില്‍ നാടുകാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് കളമശേരിയിലേക്കുള്ള വഴിയറിയില്ലേ എന്നും വി. മുരളീധരന്‍ ചോദിച്ചു.
രക്ഷിതാക്കളുടെ കണ്ണീരിന് അല്‍പമെങ്കിലും വിലകല്പ്പിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അധികൃതര്‍ക്ക് കാര്യങ്ങളെ ഗൗരവത്തോടെ കാണാനുള്ള താക്കീതായേനെ എന്നും അദ്ദേഹം പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.മുരളീധരന്‍.
സംഗീതനിശയില്‍ സംഘാടനപ്പിഴവുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം വേണം. സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടണമെന്നും മുരളീധരന്‍ പറഞ്ഞു. കളമേശരി ബോംബ് സ്‌ഫോടനത്തിന് ശേഷവും സംവിധാനങ്ങള്‍ നിര്‍ജീവമായി മുന്നോട്ടുപോകുന്നത് വലിയ വീഴ്ചയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ അന്വേഷണത്തിന് നിവേദനം നല്കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി
തിരുവനന്തപുരം: കുസാറ്റ് കാമ്പസിലെ അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. ഉത്തരവാദിത്തത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. നടത്തിപ്പ് ചുമതലക്കാരനായ യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെ അന്വേഷണ വിധേയമായി അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം.
മരണപ്പെട്ട കുട്ടികള്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: