ജയ്പൂര്‍: ഡേറ്റിങ് ആപ്പായ ടിന്‍ഡര്‍ വഴി പരിചയപ്പെട്ട് അടുപ്പത്തിലായി 28 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ യുവതിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം. 2018ലായിരുന്നു സംഭവം. ടിന്‍ഡര്‍ വഴി പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ ഇരുപത്തിയേഴുകാരിയായ പ്രിയ സേഠ് പ്രിയയുടെ സുഹൃത്തുക്കളായ ലക്ഷ്യ വാലിയ, ദിക്ഷന്ത് കമ്ര എന്നിവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 2018 ഫെബ്രുവരിയിലാണ് പ്രിയയും ദുഷ്യന്തും ടിന്‍ഡര്‍ വഴി പരിചയപ്പെട്ടത്. ഇവര്‍ കള്ളങ്ങള്‍ പറഞ്ഞാണ് സൗഹൃദത്തിലായത്. ദല്‍ഹിയിലെ സമ്പന്നനായ ബിസിനസുകാരനായ വിവന്‍ കോഹ്ലിയാണ് താന്‍ എന്നാണ് ദുഷ്യന്ത് പ്രിയയെ വിശ്വസിപ്പിച്ചത്. ഇതോടെ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പ്രിയ സുഹൃത്തുക്കളുടെ സഹായത്തോടെ പദ്ധതി തയാറാക്കി.
തുടര്‍ന്ന് പ്രിയയും സുഹൃത്തുക്കളായ ദിക്ഷന്ത് കമ്രയും ലക്ഷ്യ വാലിയയും ചേര്‍ന്ന് വീട്ടിലേക്കു പോകുന്ന വഴി ദുഷ്യന്തിനെ തട്ടിക്കൊണ്ടു പോയി. അപ്പോഴാണ് ദുഷ്യന്ത് ബിസിനസുകാരനല്ലെന്നും ചാറ്റിങ്ങില്‍ പറഞ്ഞതില്‍പ്പലതും കള്ളമാണെന്നും പ്രിയയ്ക്ക് മനസിലായത്. ദുഷ്യന്തിനെ വിട്ടയയ്ക്കണമെങ്കില്‍ പത്തുലക്ഷം രൂപ നല്‍കണമെന്ന് പ്രതികള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി. എന്നാല്‍ അത്രയും രൂപ കൈയിലില്ലെന്നും നാലുമണിയോടെ മൂന്നുലക്ഷം രൂപ നല്‍കാമെന്നും ദുഷ്യന്തിന്റെ അച്ഛന് രാമേശ്വര്‍ പ്രസാദ് ശര്‍മ സമ്മതിച്ചു.
ഡെബിറ്റ് കാര്‍ഡും പിന് നമ്പരും കൈക്കലാക്കിയ പ്രതികള്‍ ദുഷ്യന്തിനെ കൊലപ്പെടുത്തി. അക്കൗണ്ടിലേക്കിട്ട മൂന്നുലക്ഷം രൂപയില്‍ നിന്ന് 20,000 രൂപ പിന്‍വലിച്ചു. 2018 മെയ് 4ന് ജയ്പുരിനു സമീപം ഒരു ഗ്രാമത്തില്‍ നിന്ന് ദുഷ്യന്തിന്റെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കു ശിക്ഷ വിധിച്ചതെന്ന് ജയ്പൂര്‍ കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: