കൊച്ചി: റോബിന് ബസിന്റെ നടത്തിപ്പുകാരന് ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. മരട് പൊലീസാണ് പത്ത് വര്‍ഷത്തിന് മുമ്പ് എടുത്ത കേസില്‍ ഗിരീഷിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടില്‍ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.
2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വാദം.
ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ് അറസ്റ്റുചെയ്തതെന്ന് അറിയില്ലെന്ന് ഗിരീഷ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘2012ലെ കേസാണിത്. അക്കാലത്ത് ഞാന്‍ കിടപ്പിലായിരുന്നു. അതിനുശേഷം ഈ നാട്ടില്‍ത്തന്നെയാണ് ജീവിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രണ്ട് ദിവസം മാറിനില്‍ക്കേണ്ടിവന്നത് കോയമ്പത്തൂരില്‍ പോയപ്പോള്‍ മാത്രമാണ്. ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോള്‍ മനസ്സിലായില്ലേ? ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു വാറണ്ടോ സമന്‍സോ വന്നിട്ടില്ല’, ഗിരീഷ് പറഞ്ഞു.
കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിന്റെ വാദം. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോബിന് ബസിന്റെ സര്‍വീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസിന്റെ നടപടി. ഇതിന് പിന്നില്‍ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: