തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതി ഗഗന്യാന് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും മനുഷ്യനെ കൊണ്ടുപോകുന്നതിന് മുമ്പുള്ള അവസാനഘട്ട ആളില്ലാപരീക്ഷണം അടുത്തവര്‍ഷം ഏപ്രിലോടെ നടത്തുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്. തുമ്പ വിഎസ്എസ്സിയില് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎക്സ് എന്നു പേരിട്ടിരിക്കുന്ന അവസാനഘട്ട ആളില്ലാ പരീക്ഷണ ദൗത്യത്തില്‍ വ്യോമിത്ര റോബോട്ടിനെ ഉള്‍പ്പെടുത്തും. ജിഎക്സ് മിഷന് റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ക്രൂ മൊഡ്യൂള്‍ അസംബ്ലി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡിസംബറിനു മുന്‍പായി ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകും.
എസ്എസ്എല്‍വി ടെക്നോളജി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. സ്വകാര്യ മേഖലയില്‍ നിര്‍മിക്കുന്ന പിഎസ്എല്‍വി എന്‍ 1 ന്റെ ലോഞ്ചിങ് അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കും. എസ്എസ്എല്‍വി ലോഞ്ച് പാഡ് നിര്‍മിക്കുന്നതിന് തമിഴ്നാട്ടില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ലോഞ്ച് പാഡിന്റെ ഡിസൈന്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി. അടുത്ത മാസം അവസാനത്തോടെ ടെണ്ടര്‍ നല്‍കും.
ആദിത്യ എല്‍ 1 മിഷന് അവസാന ഘട്ടത്തിലാണ്. ജനുവരി 7ന് പേടകം എല്‍വണ്‍ പോയിന്റില്‍ എത്തിച്ചേരും. ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തം തൊഴിലവസരങ്ങളും ബിസിനസ് സാധ്യതകളും വര്‍ധിപ്പിക്കും. ഇന്ത്യയില്‍ അഞ്ചു കമ്പനികള്‍ നിലവില്‍ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള പ്രാപ്തി നേടിയിട്ടുണ്ട്. ഭാവിയില്‍ ലോകത്തിനു വേണ്ടി ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഈ മേഖലയിലെ സ്വകാര്യ പങ്കാളിത്തം സഹായകരമാകുമെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ ബഹിരാകാശമേഖല വളരൂവെന്നും സോമനാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: