കേരളത്തിലെ നാട്ടാനകളിലെ ഉയരക്കേമനാണ് എറണാകുളം ശിവകുമാര്‍. സ്വഭാവഗുണം കൊണ്ടും ലക്ഷണത്തികവുകൊണ്ടും കേരളക്കരയിലാകെ ആനക്കമ്പക്കാരുടെ പ്രിയങ്കരനായി മാറിയ എറണാകുളത്തപ്പന്റെ മാനസപുത്രനായ ശിവന്‍കുട്ടിയുടെ ഗജജീവിതത്തിലുടനീളം ശിവചൈതന്യം നിറഞ്ഞുനില്‍ക്കുന്നു.
പത്തടിക്ക് മുകളില്‍ ഉയരം, വിരിഞ്ഞ മസ്തകം, ഭംഗിയാര്‍ന്ന മദഗിരി, വീണ്ടെടുത്ത കൊമ്പുകള്‍, ഉയര്‍ന്ന വായുകുംഭം, നല്ല നടയമരം, നിലത്തിഴയുന്ന തുമ്പി, 18 നഖങ്ങള്‍. ഒത്ത ശരീരഘടനയും തികഞ്ഞ ശാന്തസ്വഭാവക്കാരനുമായ ശിവന് ഏകദേശം 56 വയസ്സ് പ്രായം കാണും. കോടനാടുനിന്ന് എഴുപതുകളുടെ തുടക്കത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നതിനു വേണ്ടി കൊടുങ്ങല്ലൂര്‍ സ്വദേശിയായ കെ.ജി.ഭാസ്‌ക്കരന്‍ ലേലത്തിലൂടെ സ്വന്തമാക്കിയ നാലു വയസ്സുകാരനായ ഒരു കുട്ടിക്കൊമ്പനായിരുന്നു പിന്നീട് ശിവകുമാറായി മാറിയത്.
ഗുരുവായൂരില്‍ നടയിരുത്തുന്നതിനായുള്ള ഉത്തമ മുഹൂര്‍ത്തം കുറച്ചുനാള്‍ കഴിഞ്ഞായതിനാല്‍ കുട്ടിക്കൊമ്പനെ അതുവരെ എറണാകുളം ശിവക്ഷേത്രത്തില്‍ നിര്‍ത്താന്‍ തീരുമാനിച്ചു. എറണാകുളത്തപ്പന്റെ തിരുമുറ്റത്ത് ഓടിച്ചാടി കളിച്ചു നടന്നിരുന്ന അവന്‍ ക്ഷേത്രത്തിലെത്തുന്നവരുടേയും നാട്ടുകാരുടേയും കണ്ണിലുണ്ണിയായി മാറി. അവര്‍ കൊടുക്കുന്ന പഴവും നാളികേരവും ശര്‍ക്കരയുമൊക്കെ അകത്താക്കി ദേവന്റെ നിവേദ്യവും ചോറും കഴിച്ച് കടല്‍ക്കാറ്റേറ്റ് അവന്‍ ഇതിനോടകം അവിടുത്തുകാരുടെ പ്രിയപ്പെട്ടവനായി മാറി.
എറണാകുളത്തപ്പന് സ്വന്തമാവുന്നു
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം കുട്ടിക്കൊമ്പനെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നടയിരുത്തുന്നതിന്റെ മൂഹൂര്‍ത്തം വന്നെത്തി. പക്ഷേ ഒരു കുഴപ്പം, കൊമ്പന്‍ എറണാകുളത്തപ്പന്റെ ഗോപുരനട കടക്കാന്‍ കൂട്ടാക്കിയില്ല. പാപ്പാന്‍മാരും കണ്ടുനില്‍ക്കുന്നവരും മറ്റു സഹായികളും ചേര്‍ന്ന് അവനെ എടുത്തു പൊക്കാന്‍ നോക്കിയപ്പോള്‍ അവന്‍ പാറപോലെ നിന്നതല്ലാതെ അനങ്ങിയില്ല.
ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഭാസ്‌ക്കരന്‍ പ്രശ്‌നം വച്ച് നോക്കി. അപ്പോള്‍ കണ്ടത് അവനെ എറണാകുളത്തപ്പനു നടയിരുത്തുന്നതു തന്നെയാണ് നല്ലത് എന്നായിരുന്നു. എറണാകുളത്തപ്പന് അവനെ നന്നായി ബോധിച്ചിരുന്നു. ഗുരുവായൂര്‍ക്ക് വേണമെങ്കില്‍ മറ്റൊരാനയെ കൊടുത്താല്‍ മതിയെന്നു പറഞ്ഞു. അങ്ങനെ കണ്ണന് കിട്ടേണ്ടണ്ടതായ കൊമ്പനെ എറണാകുളത്തപ്പന്‍ സ്വന്തമാക്കി. അങ്ങനെ എറണാകുളത്തപ്പന്റെ ദാസനായി ശിവകുമാര്‍ എന്ന നാമകരണത്തില്‍ എറണാകുളത്തുകാരുടെ പ്രിയപ്പെട്ട ശിവന്‍കുട്ടിയായി മാറി.
എറണാകുളം ശിവക്ഷേത്രത്തില്‍ ഭാസ്‌ക്കരന്‍ ആനയെ നടയിരുത്തിയപ്പോള്‍ അവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി. കൊടുങ്ങല്ലൂര്‍ ഗിരീശന്‍, ഗോപാലന്‍കുട്ടി, ചെറിയ ചന്ദ്രശേഖരന്‍, ബലരാമന്‍, തമ്പുരാന്‍ നാരായണന്‍കുട്ടി തുടങ്ങി ഗജനിരകളാല്‍ സമ്പുഷ്ടമായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്തറവാട്ടിലേക്ക് ശിവകുമാറും ഒരംഗമായി മാറി. പിന്നീടുള്ള അവന്റെ വളര്‍ച്ച് ആരെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. എന്നാല്‍ ലക്ഷണമൊത്ത ഒരാനയായി വളര്‍ന്നു വരുന്നതിനിടയില്‍ കണ്ണ് തട്ടാതിരിക്കാന്‍ ദൈവനിശ്ചയം പോലെ അവന്റെ ഒരു കൊമ്പ് നഷ്ടമായി.
ഒരിക്കല്‍ കൊമ്പ് മുറിച്ചത് കൈപ്പിഴയായി. മജ്ജയിലേക്ക് മുറിവ് പടര്‍ന്നു കൊമ്പിനെ ബാധിച്ചു. 1999 ലായിരുന്നു അത് സംഭവിച്ചത്. കൊമ്പിന്റെ പഴുപ്പ് പിന്നീട് അതീവ ഗുരുതരമായി മാറി. മദപ്പാടിന്റെ സമയം വന്നതോടെ ഭ്രാന്തമായ അവസ്ഥയില്‍ വേദന കൊണ്ട് കൊമ്പ് മണ്ണില്‍ കുത്തിയിറക്കുന്നതിനാല്‍ കൊമ്പ് ഇളകിയാടാന്‍ തുടങ്ങി.
മദപ്പാട് കഴിഞ്ഞാല്‍ ഉടനെ ചികില്‍സ നല്‍കാന്‍ ആയിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ മദപ്പാട് കഴിഞ്ഞ് രണ്ടാം ദിവസം അവന്‍ സ്വമേധയാ കൊമ്പ് പറിച്ച് കളയുകയായിരുന്നു. അതിനു ശേഷം കുറേ നാള്‍ കഴിഞ്ഞ് ഫൈബര്‍ കൊണ്ട് പിടിപ്പിച്ചാണ് ഉല്‍സവങ്ങളില്‍ പങ്കെടുത്തിരുന്നത്. ഇന്ന് പറിഞ്ഞുപോയ കൊമ്പിന്റെ സ്ഥാനത്ത് കൊമ്പ് വളര്‍ന്നു വരുന്നുണ്ട്. ഇത് അപൂര്‍വ്വമായ ഒരു സംഭവമാണെന്നാണ് അവനെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. കാലം കുറേ കഴിയുമ്പോള്‍ അത് പൂര്‍വ്വസ്ഥിതിയിലേക്ക് മാറുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അത് എന്തുതന്നെയായാലും ഇത് ഇവന് ഇപ്പോള്‍ ഒരു ദൈവിക പരിവേഷം കൈവന്നു. ആരെയും മനം മയക്കുന്ന പ്രത്യക്ഷ ഗണപതിയായി മാറി.
തൃശൂര്‍ പൂരത്തില്‍ വരവറിയിച്ച്
തൃശൂര്‍ പൂരത്തിനു പലതവണ ചെറു പൂരങ്ങളിലും മറ്റും പങ്കെടുത്തിരുന്നെങ്കിലും 1995 ലാണ് അവന്‍ തന്റെ ശരിക്കുള്ള വരവ് അറിയിച്ചത്. മഴയില്‍ കുതിര്‍ന്ന ആ വര്‍ഷത്തിലെ പൂരത്തിന് ശിവകുമാര്‍ തിരുവമ്പാടി വിഭാഗത്തിലെ മൂന്നാം സ്ഥാനക്കാരനായി മാറുകയായിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിമിത്തം തൃശൂര്‍ പൂരത്തിനോളം തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഒരു സംഭവമായി പൂരവിളംബരം മാറി കഴിഞ്ഞിരുന്നു. നൈതലക്കാവിലമ്മയെ ശിരസ്സില്‍ വച്ച് തെക്കെഗോപുര നട തള്ളിത്തുറന്ന് തൃശൂര്‍ പൂരവിളംബരം ചെയ്യുന്നത് ഇപ്പോള്‍ തൃശൂര്‍ പൂരത്തിനോളം പ്രാധാന്യമുള്ള ഒരു ചടങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു.
2021 ലെ പൂരം വിളംബരം ചെയ്യുന്നതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശിവകുമാറിനെ നിയോഗിച്ചത് ശിവകുമാറിന്റെ ഗജജീവിതത്തില്‍ ഗതിമാറ്റിയ സംഭവമായി മാറി. ആന പ്രേമികളുടെ ഹരമായിരുന്ന രാമചന്ദ്രനെ മാറ്റിയതിനെതിരെ രാമചന്ദ്രന്റെ ആരാധകര്‍ പ്രതിഷേധിച്ചെങ്കിലും ഒടുവില്‍ അതെല്ലാം മറന്ന് ആരാധകര്‍ ശിവകുമാറിനോടൊപ്പം നടന്നു. പൂരവിളംബരത്തിനായി 2021 ല്‍ ശിവകുമാര്‍ തെക്കേ ഗോപുര നട തള്ളിത്തുറന്നപ്പോള്‍ ശിവന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു.
പൂരവിളംബരത്തിനായി തൃശൂരില്‍ പോകുന്നതിനു മുന്‍പ് തന്റെ തട്ടകമായ എറണാകുളത്തപ്പന്റെ സന്നിധിയില്‍ നിന്നും നാട്ടുകാരും കമ്മിറ്റിക്കാരും അവന്റെ ആരാധകരും നല്‍കിയ യാത്രയയപ്പ് വികാരനിര്‍ഭരമായിരുന്നു. അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ ഭാഷയില്‍ ആഹ്ലാദത്താല്‍ അവര്‍ അവനെ ആശ്ലേഷിക്കുകയായിരുന്നു.
2021 മുതല്‍ തൃശൂര്‍ പൂരത്തിന് പൂരവിളംബരത്തിനു പുറമേ പാറമേക്കാവ് വിഭാഗം പകല്‍പൂരത്തിന് നായകസ്ഥാനവും ഉപചാരം ചൊല്ലിപ്പിരിയുന്നതിന്റെ ചുമതലയും ശിവകുമാറില്‍ നിക്ഷിപ്തമായിരുന്നു. തൃശൂര്‍ പൂരത്തിന്റെ എല്ലാ ചടങ്ങിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള മറ്റൊരാനയും ഇതിനു മുന്‍പ് ഉണ്ടായതായി അറിവില്ല.
പത്തിരുപത് വര്‍ഷം മുന്‍പ് മുരളിയേട്ടന്‍ ഒന്നാം ചട്ടക്കാരനായിരുന്ന സമയത്ത് രണ്ടാം പാപ്പാനായ ശ്രികുമാറിന്റെ ഭാവനയില്‍ രൂപംകൊണ്ട് പേരായിരുന്നു ഗജസാമ്രാട്ട്. ആനപ്രേമികളുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ച് ഗജസാമ്രാട്ട് എന്ന പേരില്‍ കീര്‍ത്തി മുദ്ര നല്‍കി ആദരിച്ചു. 2020 ല്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നെട്ടിശ്ശേരി സന്തോഷിന്റെയും പാല ഹരികൃഷ്ണന്റേയും നേതൃത്ത്വത്തില്‍ ആനപ്രേമികള്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ദക്ഷിണ കൈലാസനാഥപ്രിയന്‍ എന്ന കീര്‍ത്തിമുദ്ര കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാമീപ്യത്തില്‍ സമ്മാനിച്ചു.
ശിവന്റെ നാളുകള്‍ വരാനിരിക്കുന്നു
ഇപ്പോള്‍ വടക്കുംനാഥന്റെ കോക്കര്‍ണിപ്പറമ്പിലാണ് ശിവനെ കെട്ടുന്നത്. തിരക്കിനിടയില്‍ ഇടക്ക് എറണാകുളത്തപ്പന്റെ മുറ്റത്തു വന്നാല്‍ പിന്നെ അവന്‍ അവിടുത്തെ ഒരു അംഗമായി മാറും. ചട്ടക്കാരെ പോലും ഗൗനിക്കാതെ അവന്‍ എറണാകുളത്തപ്പന്റെ ശിവന്‍കുട്ടിയായി മാറും. അവിടുത്തുകാരുടെ മനസ്സില്‍ ഇന്നും അവന്‍ അവരുടെ ശിവന്‍കുട്ടിയാണ്.
തുലാമാസത്തിലെ ആദ്യനാളുകളില്‍ അവന്റെ നീരുകാലം തുടങ്ങുന്നു. കുംഭം പകുതിയോടു കൂടിയാണ് അവനെ നീരില്‍ നിന്ന് അഴിക്കുന്നത്. അതുകൊണ്ടുതന്നെ എറണാകുളത്തപ്പന്റെ ഉത്സവത്തിന് ശിവകുമാറിന് പങ്കെടുക്കാന്‍ കഴിയാറില്ല. പകരം ശിവരാത്രിക്ക് ശിവകുമാറിന്റെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്. 36 വര്‍ഷം അവനെ ശാസിച്ചും സ്‌നേഹിച്ചും കൊണ്ടുനടന്ന ചട്ടക്കാരനാണ് മുരളിയേട്ടന്‍. അതിനുശേഷം ഒന്നാം ചട്ടക്കാരനായി ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശിയായ സുരേഷും കൂടെ കുത്താമ്പുള്ളിക്കാരനായ രാജനും കോഴിക്കോട്ടുകാരനായ രാംജിത്തും സഹായത്തിനുണ്ട്.
ശിവകുമാറിന്റെ നാളുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. പൂരപ്പറമ്പില്‍ നിന്നും പൂരപ്പറമ്പിലേക്കുള്ള അവന്റെ യാത്രയില്‍ അനുഗമിക്കാന്‍ ഇന്ന് ആയിരങ്ങള്‍ ആരാധകരായി അവന്റെ കൂടെ എപ്പോഴുമുണ്ട്. ശിവ ചൈതന്യപ്രഭയാല്‍ പ്രിയതരമായി മാറിയ പ്രത്യക്ഷ ഗണപതിയായ ശിവകുമാറിനെ ദര്‍ശിക്കുമ്പോള്‍ ഭക്തരില്‍ ഈശ്വരപ്രതീതി ജനിക്കുമെന്നതില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: