തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിവിധ കോളജുകളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിളക്കമാര്‍ന്ന വിജയം. എസ്എഫ്ഐയുടെ ഏകാധിപത്യത്തെയാണ് എബിവിപി തകര്‍ത്തത്.
തിരുവനന്തപുരത്ത് ധനുവച്ചപുരം വിടിഎംഎന്‍എസ്എസ് കോളജില്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 26 വര്‍ഷമായി ധനുവച്ചപുരം കോളേജിലെ യൂണിയന് ഭരണം എബിവിപിക്കാണ്. മീന പി. നായര്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജില്‍ യൂണിയന് ഭരണം എബിവിപി നിലനിര്‍ത്തി. അശ്വിന് ചെയര്‍മാനായി. മാര്‍ ഇവാനിയോസ് കോളജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിലെ പ്രതിനിധിയായി എബിവിപി സംസ്ഥാന സമിതിയംഗം ശ്രുതി വി.ജയിച്ചു.എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്ന മുളയറ സിഎസ്ഐ കോളേജില്‍ ആദ്യമായി എബിവിപി ഒരു സീറ്റ് നേടി. ഫ്ളോന റെജിയാണ് വിജയിച്ചത്. വിളപ്പില്‍ശാല സരസ്വതി കോളജില്‍ ആദ്യമായി 13 സീറ്റുകളില്‍ എബിവിപി വിജയിച്ചു.
കാട്ടാക്കട വിജ്ഞാന് കോളജില്‍ ആര്‍ട്ട്സ് ക്ലബ്, സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വിജയിച്ചു. കിളിമാനൂര്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ ആദ്യമായി ഒരു സീറ്റില്‍ വിജയിച്ചു. കാഞ്ഞിരംകുളം കെഎന്‍എം കോളജ്, ചെമ്പഴന്തി എസ്എന്‍ കോളജ് എന്നിവിടങ്ങളിലും ക്ലാസ് പ്രതിനിധികള്‍ വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 107 ക്ലാസ് പ്രതിനിധികളും 23 ജനറല്‍ സീറ്റുകളിലും എബിവിപി സാരഥികള്‍ വിജയിച്ചു.
കൊല്ലം നിലമേല്‍ എന്‍എസ്എസ് കോളജില്‍ 16 സീറ്റുകളും പത്തനാപുരം സെ. സ്റ്റീഫന്‍ കോളജില്‍ 12 സീറ്റുകളിലും എബിവിപി വിജയം കരസ്ഥമാക്കി. പത്തനംതിട്ട കലഞ്ഞൂര്‍ ഐഎച്ച്ആര്‍ഡി കോളജ് യൂണിയന് എബിവിപി നേടി. പന്തളം എന്‍എസ്എസ് കോളജില്‍ 28 സീറ്റുകളിലും കൊല്ലം നിലമേല്‍ എന്‍എസ്എസ് കോളജില്‍ 16 സീറ്റുകളിലും എബിവിപി വിജയിച്ചു.
എബിവിപിയുടെ മുന്നേറ്റം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനും കാമ്പസുകളില്‍ അക്രമ രാഷ്ട്രീയം പുലര്‍ത്തുന്നവര്‍ക്കുമുള്ള തിരിച്ചടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍. സി.ടി. ശ്രീഹരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: