കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നടക്കുന്ന നവകേരള സദസിലെ പരിപാടി ഒഴിവാക്കി മന്ത്രിമാരായ പി. രാജീവ്, ആര്. ബിന്ദു എന്നിവര്‍ കളമശേരിയിലേക്ക് തിരിച്ചു. ആരോഗ്യ മന്ത്രി കോഴിക്കോടുനിന്ന് ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ കോപിപ്പിക്കും..
അപകടത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്കി.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. അമ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നവകേരള സദസില്‍ ആഘോഷപരിപാടികള്‍ ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: