ബംഗളുരു : വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബയ്‌ക്കെതിരെ കേരളത്തിന് തോല്‍വി. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ വിജെഡി മഴ നിയമപ്രകാരം മുംബയ് ജയിച്ചു.
ടോസ് നേടിയ മുംബയ് കേരളത്തെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. കേരളം 49.1 ഓവറില്‍ 231 റണ്‍സിന് എല്ലാവരും പുറത്തായി. സച്ചിന്‍ ബേബി(104) റണ്‍സും ക്യപ്റ്റന്‍ സഞ്ജു(55) റണ്‍സും നേടി.
മുംബയ് 24.2 ഓവറില്‍ 160-2ല്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തി. അങ്ക്‌റിഷ് രഘുവംശി അര്‍ധസെഞ്ചുറി നേടി (47പന്തില്‍ 57), ജേ ബിസ്ത(30), സുവേദ് പാര്‍ക്കര്‍(27), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(20 പന്തില്‍ 34) എന്നിവരും നന്നായി ബാറ്റ് വീശി.
കേരളത്തിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (9), രോഹന്‍ കുന്നുമ്മല്‍ (1) എന്നിവര്‍ തുടക്കത്തിലെ കൂടാരം കയറി. ഈ ഘട്ടത്തില്‍ 12ന് രണ്ട് വിക്കറ്റെന്ന നിലയിലായിരുന്നു കേരളം. മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണും സച്ചിന്‍ ബേബിയും 126 റണ്‍സ് കൂട്ടിചേര്‍ത്തു. നാലു ഫോറും രണ്ടു സിക്‌സുമുള്‍പ്പെടെ 83 പന്തില്‍ 55ലെത്തിയ സഞ്ജുവിനെ ദേശ്പാണ്ഡ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് വിഷ്ണു വിനോദിനെ (20) കൂട്ടുപിടിച്ച് സച്ചിന്‍ ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചെങ്കിലും മോഹിത് അവസ്തിയുടെ പന്തില്‍ വിഷ്ണു ഔട്ടായി
പിന്നാലെ അബ്ദുള്‍ ബാസിത് (12), അഖില്‍ സ്‌കറിയ (6), ശ്രേയസ് ഗോപാല്‍ (7), ബേസില്‍ തമ്പി (2), അഖിന്‍ സത്താര്‍ (0) എന്നിവര്‍ കുറഞ്ഞ സ്‌കോറിന് പുറത്തായി. ബേസില്‍ എന്‍ പി (4) പുറത്താവാതെ നിന്നു .ആദ്യ മത്സരത്തില്‍ സൗരാഷ്‌ട്രയെ കേരളം മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രണ്ട് കളികളില്‍ ഒരു ജയവുമായി ഗ്രൂപ്പ് എയില്‍ ആറാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നാലു പോയിന്റുമായി മുംബയാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: