ന്യൂദല്‍ഹി: മലയാളി മാദ്ധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. നാല് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചാം പ്രതിക്ക് മൂന്ന് വർഷം തടവും ഏഴ് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
ഡല്‍ഹി സ്വദേശികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്ത് എന്നിവരാണ് പ്രതികള്‍. ഡല്‍ഹി സകേത് കോടതിയാണ് വിധി പറഞ്ഞത്. വിധി കേൾക്കുന്നതിന് സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു.
ഹെഡ് ലൈന്‍സ് ടുഡേ ചാനലില്‍ മാദ്ധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കവര്‍ച്ചക്കെത്തിയ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസില്‍ രവി കുമാര്‍, അമിത് ശുക്ല എന്നിവര്‍ പിടിയിലായതാണ് 2008-ലെ സൗമ്യ വധക്കേസിലും വഴിത്തിരിവായത്.
ജിഗിഷ കൊലക്കേസില്‍ കണ്ടെടുത്ത നാടന്‍തോക്ക് സൗമ്യ കേസിലും നിര്‍ണായക തെളിവായി. പിന്നാലെ, കേസിലെ മറ്റുപ്രതികളായ ബല്‍ജിത് മാലിക്, അജയ് സേത്തി, അജയ്‌കുമാര്‍ എന്നിവരും അറസ്റ്റിലായി. അജയ് സേത്തി ഒഴികെയുള്ളവര്‍ ജിഗിഷ ഘോഷ് കേസില്‍ ജീവപര്യന്തം തടവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: