Categories: Kerala

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മണം: രാഹുല്‍ മാങ്കുട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും; ജെയ്‌സണ്‍ തോമസ് ഒളിവില്‍

Published by

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മ്യൂസിയം പോലീസ് നോട്ടീസ് നല്കി. ചോദ്യം ചെയ്യലിന് എത്തുമെന്ന് രാഹുല്‍ അറിയിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉറവിടം കര്‍ണാടകയെന്ന നിഗമനത്തിലാണ് പോലീസ്. തിരച്ചറിയല്‍ കാര്‍ഡ് ആദ്യമായി നിര്‍മിച്ചതില്‍ കാസര്‍കോട് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ തോമസ് നേരിട്ട് ഇടപെട്ടതായി പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് ബെംഗളൂരുവിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായി ബന്ധമുണ്ട്. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാര്‍ഡ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ജെയ്‌സണ്‍ തോമസ് വഴിയാണ് ലഭിച്ചത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ജെയ്‌സണ്‍ തോമസിനു പുറമെ പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് രഞ്ജുവിനെയും പ്രതിചേര്‍ത്തു. ഒരു മാസമെടുത്താണ് അടൂര്‍ കേന്ദ്രീകരിച്ച് ജെയ്‌സണ്‍ തോമസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് മറ്റു പ്രതികളായ ഫെനി നൈനാനും ബിനില്‍ ബിനുവും. വ്യാജ കാര്‍ഡ് നിര്‍മാണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ രാഹുല്‍ ഇവരെ സഹായിച്ചെന്നും ഒളിപ്പിച്ചെന്നും കണ്ടെത്തി.

സംഭവത്തില്‍ കര്‍ണാകടയിലെ യൂത്ത് കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണോ എന്ന കാര്യത്തില്‍ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by