തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനത്തിനായുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായ വിതരണം ശനിയാഴ്ച നിര്‍വഹിക്കും.
തിരുവനന്തപുരം ആറ്റിങ്ങല്‍ മാമം ഗ്രൗണ്ടില്‍ രാവിലെ 11 മണിക്കാണ് ചടങ്ങ്. വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങിനെ അഭിസംബോധന ചെയ്യും. സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ നേതൃത്വത്തില്‍ കാനറ ബാങ്കും, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നബാര്‍ഡ്, സിഡ്ബി, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, പി.എം. സ്വനിധി, പി.എം.ഇ.ജി.പി തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളിലായി രജിസ്റ്റര്‍ ചെയ്ത 1,52,704 ഗുണഭോക്തൃ അക്കൗണ്ടുകള്‍ വഴി 6,014.92 കോടി രൂപയുടെ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്യും.
നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് കീഴില്‍ 56.16 കോടി രൂപയുടെ അനുമതി പത്രങ്ങളും സിഡ്ബി ഇടപെടല്‍ വഴി വിവിധ സ്ഥാപനങ്ങള്‍ക്ക് 3.32 കോടി രൂപയുടെ അനുമതി പത്രങ്ങളും ചടങ്ങില്‍ കൈമാറും.
എസ്ബിഐയുടെ ക്യാഷ് വാനും എടിഎം വാനും ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി ഫഌഗ് ഓഫ് ചെയ്യും. കേരള ഗ്രാമീണ്‍ ബാങ്കിന്റെ അഞ്ചു ബാങ്കിംഗ് കറസ്പോണ്ടന്റുകള്‍ക്ക് മൈക്രോ എടിഎമ്മുകളും കൈമാറും.
വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ‘എമര്‍ജിംഗ് ഭാരത്, ഗ്രോയിംഗ് കേരള’ ബിസിനസ് കോണ്‍ക്ലേവും കേന്ദ്ര ധനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പി. സന്തോഷ് കുമാര്‍ എംപി തുടങ്ങിയവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: